ദുബൈ: യു.എ.ഇയുടെ വ്യോമമേഖലയിൽ ഡ്രോണുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ആദ്യ ലൈസൻസ് അനുവദിച്ച് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ). ദുബൈ എയർ നാവിഗേഷൻ സർവിസസ് (ഡാൻസ്) ആണ് ആദ്യമായി യു-സ്പേസ് സർവിസ് പ്രൊവൈഡർ (യു.എസ്.എസ്.പി) ലൈസൻസ് കരസ്ഥമാക്കിയത്.
ഡ്രോണുകളുടെ പ്രവർത്തനം സംയോജിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി അതോറിറ്റി നടത്തിയ സുപ്രധാനമായ നീക്കമായാണ് ലൈസൻസ് സംവിധാനത്തെ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ആളില്ലാ ഡ്രോൺ സേവന ദാതാക്കൾക്ക് അംഗീകാരം നൽകുന്നതിനുള്ള ദേശീയ നിയന്ത്രണ സംവിധാനം രാജ്യത്ത് നിലവിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യമായി ലൈസൻസ് യു-സ്പേസ് സർവിസ് പ്രൊവൈഡർ ജി.സി.എ.എ അനുവദിച്ചിരിക്കുന്നത്. യു.എ.ഇയുടെ വ്യോമ പാതകളിലുടനീളം ഡ്രോണുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പ്ലാറ്റ്ഫോമുകൾ പ്രവർത്തിപ്പിക്കാൻ പുതിയ ലൈസൻസ് നേടിയതിലൂടെ ഡാൻസിന് സാധിക്കും.
ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രൊജക്ട്സ്, എ.എൻ.ആർ.എ ടെക്നോളജീസ് എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച് റഡാർ വിവരങ്ങൾ, കാലാവസ്ഥ വിവരങ്ങൾ, വ്യോമയാന അറിയിപ്പുകൾ എന്നിവ സംയോജിപ്പിച്ച് ഡ്രോണുകൾക്ക് പറക്കാൻ ഉടനടി അംഗീകാരം നൽകാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.