ദുബൈ: ദുബൈയിൽ ഡ്രൈവിങ് പരിശീലനം ഇനി എ.ഐ നിരീക്ഷണത്തിൽ. പരിശീലനത്തിനിടയിലെ അശ്രദ്ധയും അലംഭാവവുമൊക്കെ കൃത്യമായി ഇനി കാമറക്കണ്ണുകൾ ഒപ്പിയെടുക്കും. ഡ്രൈവിങ് പരിശീലന സമയത്ത് ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും പെരുമാറ്റം നിരീക്ഷിക്കുന്നതിനായി രൂപകൽപന ചെയ്ത ‘ഇന്‍റലിജന്‍റ് മോണിറ്ററിങ് സിസ്റ്റം’ പരിചയപ്പെടുത്താൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കായി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കാമറകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം ദുബൈയിലെ ഡ്രൈവിങ് പരിശീലനത്തിൽ ഗുണനിലവാരവും സുരക്ഷിതത്വവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
പരിശീലന വാഹനങ്ങൾക്കുള്ളിലെ കാമറ സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ചാണ് ഈ സംവിധാനം ഇൻസ്ട്രക്ടർമാരെയും ട്രെയിനികളെയും തത്സമയം നിരീക്ഷിക്കുന്നത്. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുള്ളിൽ കൂടുതൽ കൃത്യതയാർന്നതും നിലവാരമുള്ളതുമായ പഠന അന്തരീക്ഷം ഉറപ്പാക്കാനും, പരിശോധനകൾ കൃത്യമായി രേഖപ്പെടുത്താനും, മേൽനോട്ടം ശക്തമാക്കാനും വേണ്ടിയാണ് ഇത് രൂപകൽപന ചെയ്തത്. പരിശീലനത്തിനിടയിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവുകൾ സിസ്റ്റം കൃത്യമായി തിരിച്ചറിയുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഉറങ്ങുകയോ വണ്ടിക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുക, മറ്റ് രീതികളിൽ ശ്രദ്ധ തിരിയുക എന്നിവ നിരീക്ഷിക്കും. നിശ്ചയിച്ചിട്ടുള്ള റൂട്ടുകളും സമയക്രമവും പാലിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും നിരീക്ഷണ പരിധിയിൽ വരും. ഇതിന്‍റെ സവിശേഷതകളും അലേർട്ടുകൾ കൈകാര്യം ചെയ്യുന്ന രീതികളും വിശദീകരിക്കുന്നതിനാണ് ആർ.ടി.എ വർക്ക്‌ഷോപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.