അബൂദബി: ട്രാഫിക് സിഗ്‌നലുകളിലും റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാല്‍ അടയാളപ്പെടുത്തിയ 'യല്ലോ ബോക്‌സ്' മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെ ഡ്രൈവര്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇന്‍റര്‍സെക്ഷനുകളില്‍ മഞ്ഞക്കളത്തിനുള്ളില്‍ വാഹനം നിര്‍ത്തുന്നതോ പാര്‍ക്ക് ചെയ്യുന്നതോ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. മുന്നോട്ടുള്ള റോഡില്‍ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വാഹനങ്ങള്‍ യല്ലോ ബോക്‌സിലേക്ക് പ്രവേശിക്കാവൂ. അല്ലാത്തപക്ഷം ട്രാഫിക് ബ്ലോക്ക് രൂപപ്പെടുകയും മറ്റ് ദിശകളില്‍ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യും. തിരക്കേറിയ സമയങ്ങളില്‍ ഇത് വലിയ യാത്രാ ക്ലേശത്തിന് വഴിവെക്കും. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 57 അനുസരിച്ച്, യല്ലോ ബോക്‌സ് ജങ്ഷനുകളില്‍ നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും.
അപകടകരമായ വിധം ഓവര്‍ടേക്കിങ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലോക്ക് പോയന്‍റും ചുമത്തും. ആംബുലന്‍സുകള്‍ പോലെയുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്കായി നീക്കിയിരിക്കുന്ന റോഡിന്‍റെ അരികിലൂടെ ഓവര്‍ടേക്കിങ് നടത്തുന്നതിനെതിരേ അബൂദബി പൊലീസിനു കീഴിലുള്ള ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നില്‍ പോവുന്ന വാഹനവുമായി മതിയായ അകലംപാലിക്കാത്തത് 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്‍റും ചുമത്തപ്പെടാവുന്ന കുറ്റമാണ്. ഇത്തരം ഡ്രൈവിങ്ങിലൂടെ അപകടം സംഭവിക്കുകയും ആളുകള്‍ക്ക് പരിക്കോ മരണമോ സംഭവിക്കുകയോ ചെയ്താല്‍ ഉയര്‍ന്ന ശിക്ഷയാവും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.