യു.എ.ഇയിൽ ഷോപ്പിങ്ങിൽ ഹിറ്റായി എ.ഐ; രാജ്യത്ത് 85 ശതമാനം പേരും ഷോപ്പിങ് എളുപ്പമാക്കാൻ എ.ഐ ഉപയോഗിക്കുന്നു

ദുബൈ: യു.എ.ഇയിലെ 85 ശതമാനം ആളുകളും ഷോപ്പിങ് എളുപ്പമാക്കാൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതായി പഠനം. ഉപഭോക്താക്കൾ അവരുടെ ഷോപ്പിങ്ങിന് സഹായകമായ രീതിയിൽ എ.ഐയെ മനസ്സാ സ്വീകരിക്കുന്നതായി വെളിപ്പെടുത്തുന്ന യു.എ.ഇയിലെ വാർഷിക ‘സ്റ്റേ സെക്യൂർ’ പഠന റിപ്പോർട്ട് ‘വിസ’ ചൊവ്വാഴ്ച പുറത്തുവിട്ടു. ഇതിൽ 60 ശതമാനം പേർ റിവ്യൂകളും പ്രൊഡക്ട് റേറ്റിങ്ങുകളും പരിശോധിക്കുമ്പോൾ വിലകൾ താരതമ്യം ചെയ്യുന്നതിന് എ.ഐയെ ആശ്രയിക്കുന്നത് 59 ശതമാനം ആളുകളാണ്. സമ്മാനങ്ങൾ നൽകാനുള്ള ആശയങ്ങൾ കണ്ടെത്തുന്നതിന് 55 ശതമാനം പേർ എ.ഐയുടെ സഹായം തേടുന്നു. വേക്ക്ഫീൽഡ് റിസർച്ച് നടത്തിയ ഈ വർഷത്തെ പഠനം, എ.ഐ അധിഷ്ഠിത ഷോപ്പിങ്ങും സോഷ്യൽ കൊമേഴ്‌സും ഉപഭോക്തൃ ശീലങ്ങളെ എങ്ങനെ മാറ്റുന്നുവെന്ന് വ്യക്തമാക്കുന്നു. വിശ്വസ്തതക്കും സുരക്ഷക്കും മുൻഗണന നൽകിക്കൊണ്ടുതന്നെയാണ് ആളുകൾ എ.ഐ ഉപയോഗിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യകളുടെ പിന്തുണയിൽ ഉപഭോക്താക്കൾക്കുള്ള ആത്മവിശ്വാസം സർവേയിൽ പ്രതിഫലിപ്പിക്കുന്നുവെന്ന് വിസ വ്യക്തമാക്കുന്നു. എ.ഐ ടൂളുകൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഓൺലൈൻ ഷോപ്പിങ് മുമ്പത്തേക്കാൾ വേഗതയേറിയതും എളുപ്പമുള്ളതുമാക്കുന്നു എന്ന് സർവേയിൽ പങ്കെടുത്ത 93 ശതമാനം പേരും വിശ്വസിക്കുന്നു. പുതിയ ബ്രാൻഡുകളെയും ഷോപ്പുകളെയും കണ്ടെത്തുന്നതിലും എ.ഐ സ്വാധീനം ചെലുത്തുന്നുണ്ട്. ഓൺലൈനിൽ ഷോപ്പിങ് നടത്തുമ്പോഴാണ് 60 ശതമാനം ഉപഭോക്താക്കളും പുതിയ ബ്രാൻഡുകളെക്കുറിച്ച് അറിയുന്നത്. എങ്കിലും, പണമിടപാടുകൾ നടത്തുന്ന കാര്യത്തിൽ ഉപഭോക്താക്കൾ ഇപ്പോഴും ജാഗ്രത പുലർത്തുന്നുണ്ട്. നിലവിൽ 32 ശതമാനം ആളുകൾ മാത്രമേ ചെക്കൗട്ട് പ്രക്രിയ പൂർത്തിയാക്കാൻ എ.ഐ ഏജന്‍റുകളെ വിശ്വസിക്കൂ.

എ.ഐ ഉപയോഗം വർധിച്ചുവരുമ്പോൾതന്നെ, തട്ടിപ്പുകൾ തടയുന്നതിനുള്ള ഉപാധിയായാണ് ഉപഭോക്താക്കൾ ഈ സാങ്കേതികവിദ്യയെ കാണുന്നത്. തട്ടിപ്പുകൾ എളുപ്പം തിരിച്ചറിയാൻ എ.ഐ സഹായിച്ചതായി 57 ശതമാനം പേർ കരുതുന്നു. ഒപ്പം, ഭാവിയിൽ തട്ടിപ്പുകളിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്നതിൽ എ.ഐ നിർണായക പങ്ക് വഹിക്കുമെന്ന് 85 ശതമാനം ഉപഭോക്താക്കളും വിശ്വസിക്കുന്നു. യു.എ.ഇയിലെ 69 ശതമാനം ഉപഭോക്താക്കളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ട് ഉൽപന്നങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതിൽ, വ്യാജ തട്ടിപ്പുകളുടെ അപകടസാധ്യതകളും ഉപഭോക്താക്കളെ പിന്തുടരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 46 ശതമാനം പേർ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്. 38 ശതമാനം പേരും തട്ടിപ്പിന് ഇരയായത് സോഷ്യൽ മീഡിയയിലാണ്. വെബ്‌സൈറ്റുകൾ, ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ, ഷോപ്പിങ് ആപ്പുകൾ എന്നിവയേക്കാൾ കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് സോഷ്യൽ മീഡിയയിലാണ്.

കുട്ടികൾ ഓൺലൈൻ തട്ടിപ്പുകളിൽ അകപ്പെടുന്നതിനെക്കുറിച്ച് വർധിച്ചുവരുന്ന ആശങ്കയും പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്ക് തട്ടിപ്പുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് 80 ശതമാനം ഉപഭോക്താക്കളും റിപ്പോർട്ട് ചെയ്യുന്നു. 67 ശതമാനം പേർ ഓൺലൈൻ ഗെയിമിങ്ങിലോ ഷോപ്പിങ്ങിലോ ഏർപ്പെടുന്നതിനിടയിൽ കുട്ടികൾ തട്ടിപ്പിന് ഇരയാകുന്നത് കണ്ടിട്ടുണ്ട്. യു.എ.ഇയിലെ 33 ശതമാനം മാതാപിതാക്കളും കുട്ടികൾക്ക് മൊബൈൽ പേയ്‌മെന്‍റ് ആപ്പുകളോ ഡിജിറ്റൽ വാലറ്റുകളോ ഉപയോഗിക്കാൻ അനുവാദം നൽകുന്നു. ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്ന കാര്യത്തിൽ, ഉപഭോക്താക്കൾ തങ്ങളേക്കാൾ കൂടുതൽ സ്ഥാപനങ്ങളിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ആണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് 36 ശതമാനം പേർ വിശ്വസിക്കുന്നു. അത്രതന്നെ ആളുകൾ, സർക്കാർ അധികാരികൾക്കോ റെഗുലേറ്റർമാർക്കോ ആണ് ഉത്തരവാദിത്തമെന്ന് കരുതുന്നു. പേയ്‌മെന്‍റ് പ്രൊവൈഡർമാർക്കാണ് ഉത്തരവാദിത്തമെന്ന് 34 ശതമാനം പേർ വിശ്വസിക്കുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് തന്നെയാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് വിശ്വസിക്കുന്നത് 19 ശതമാനം മാത്രമാണ്. 

Tags:    
News Summary - AI becomes a hit in UAE shopping; 85% of people in the country use AI to make shopping easier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.