ദുബൈ: തത്സമയ ബസ് സർവീസുകൾ നിയന്ത്രിക്കുന്നതിനായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ബസ് ഓപറേഷൻസ് കൺട്രോൾ സെന്‍ററിൽ സ്മാർട്ട് ഡാഷ്‌ബോർഡുകൾ വിന്യസിച്ചു. അഡ്വാൻസ്‌ഡ് ഡാറ്റാ അനലിറ്റിക്‌സും എ.ഐ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണിത്. എ.ഐ അധിഷ്ഠിത പൊതുഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ ലോകത്തെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്ന ചുവടുവെപ്പാണിത്.
കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസിന് കീഴിലുള്ള 'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെന്‍ററുമായി' സഹകരിച്ച് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ആർ.ടി.എയുടെ ‘ഡാറ്റാഇകു’ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം, ദുബൈയുടെ ബസ് ശൃംഖലയിലുടനീളം ഡാറ്റ അടിസ്ഥാനമാക്കിയുള്ളതും മുൻകൂട്ടിയുള്ളതുമായ പ്രവർത്തന രീതി സാധ്യമാക്കുന്നു.
സമയത്തിന് മുമ്പേ ബസുകൾ പുറപ്പെടുന്നത് വിലയിരുത്തൽ, ട്രിപ്പുകൾ റദ്ദാക്കാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കുന്ന എ.ഐ സംവിധാനം, മെട്രോ സർവീസുകൾ തടസ്സപ്പെടുമ്പോൾ അതിവേഗം ബസുകൾ വിന്യസിക്കാനുള്ള സംവിധാനം, പാതിവഴിയിൽസർവിസ് തിരിച്ചുവിടുന്ന ഷോർട്ട്-ടേണിങ് ഓപറേഷൻസ് ഒപ്റ്റിമൈസേഷൻ തുടങ്ങി നിരവധി സുപ്രധാന ആപ്ലിക്കേഷനുകൾ ഈ ഡാഷ്‌ബോർഡുകളിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ഇപ്പോൾ കൺട്രോൾ സെന്‍ററിന്‍റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാണ്.
പുതിയ സംവിധാനത്തോടെ, നിശ്ചിത സമയത്തിന് മുമ്പുള്ള ബസ് പുറപ്പെടലുകളിൽ 68 ശതമാനത്തിലധികമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി സർവീസ് പ്രകടനം നിലനിർത്താനും സാധിച്ചു. മെട്രോ സർവീസുകളിൽ തടസ്സമുണ്ടാകുമ്പോൾ ഉടനടി ബസുകൾ വിന്യസിച്ച് വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കിയതിനൊപ്പം, ഓട്ടോമേറ്റഡ് അലേർട്ട് സിസ്റ്റങ്ങളിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയും ചെയ്തു.
കൂടാതെ, പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങൾക്കാായി രൂപകൽപന ചെയ്ത സസ്റ്റൈനബിലിറ്റി ഡാഷ്‌ബോർഡുകൾ വഴി, ബസുകൾ സ്റ്റാർട്ട് ചെയ്തിട്ട് വെറുതെയിടുന്ന സമയം കുറക്കാനും ബസ് പാർക്കിങ് മാനേജ്‌മെന്‍റ് മെച്ചപ്പെടുത്താനും സാധിച്ചു. ഇത് 13,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറക്കാൻ സഹായകമായിട്ടുണ്ട്. ദുബൈ ബസ് ശൃംഖലയുടെ നട്ടെല്ലാണ് ബസ് ഓപറേഷൻസ് കൺട്രോൾ സെന്‍റർ. പുതിയ സ്മാർട്ട് ഡാഷ്‌ബോർഡുകൾ വന്നതോടെ, സർവീസുകളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന എ.ഐ അധിഷ്ഠിത പ്രവർത്തനരീതിയിലേക്ക് കൺട്രോൾ സെന്‍റർ മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.