ദുബൈ: എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർത്ത് ഹത്തയിൽ ഡ്രൈവർമാക്ക് ഡ്രൈവിങ് പരിശീലനവും ലൈസൻസും നൽകുന്നതിനുള്ള കേന്ദ്രത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. ഹത്ത നിവാസികൾക്കും സമീപത്തുള്ള കമ്യൂണിറ്റികൾക്കും ആർ.ടി.എ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബ്രാഞ്ച് ആരംഭിക്കുന്നത്.
സ്വകാര്യ മേഖലകളുമായുള്ള പങ്കാളിത്തത്തിലൂടെ പൊതു സേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും വർധിപ്പിക്കുന്ന അതോറിറ്റിയുടെ നയങ്ങളുടെ ഭാഗമാണ് തീരുമാനമെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. പ്രാദേശിക ജനസമൂഹങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിൽ ആർ.ടി.എയുടെ പ്രതിബദ്ധതയാണ് പുതിയ ബ്രാഞ്ചിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഹത്തയിലെ നിവാസികൾക്ക് ഡ്രൈവർ പരിശീലനത്തിനും ലൈസൻസ് സേവനങ്ങൾക്കും ദുബൈയിലോ മറ്റ് എമിറേറ്റിലോ പോകണം.
പുതിയ ബ്രാഞ്ച് തുടങ്ങുന്നതോടെ ഈ പ്രയാസം ഇല്ലാതാകും. ട്രാഫിക് ഫയൽ തുറക്കൽ, തിയറി, പ്രാക്ടിക്കൽ പരിശീലനങ്ങൾ, ഡ്രൈവിങ് ടെസ്റ്റ്, ലൈസൻസ് അനുവദിക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ഹത്ത ബ്രാഞ്ചിൽ ലഭ്യമാകും. ആർ.ടി.എയുടെ അംഗീകാരമുള്ള എമിറേറ്റിലെ 27ാമത്തെ ബ്രാഞ്ചാണ് ഹത്തയിലേത്. ഞായർ മുതൽ വെള്ളി വരെ രാവിലെ 8.15 മുതൽ രാത്രി 11വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12.30 മുതൽ 2.30 വരെ ഒഴിവ് സമയമായിരിക്കും. മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 2.30 മുതൽ 3.30 വരെയാണ് ഇടവേള. ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി എട്ടു വരെ രജിസ്ട്രേഷൻ മാത്രമായിരിക്കും
അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.