ദുബൈ: ഇമെയിൽ വഴി അയയ്ക്കുന്ന വ്യാജ ക്യു.ആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർധിക്കുന്നതായി ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്‍റർ (ഡി.ഇ.എസ്.സി) മുന്നറിയിപ്പ് നൽകി. അടിയന്തര വിവരങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്താണ് വ്യാജ ക്യു.ആർ കോഡുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നത്. വ്യക്തിവിവരങ്ങൾ, സാമ്പത്തിക ഡാറ്റകൾ എന്നിവ മോഷ്ടിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന വെബ്സൈറ്റുകളിലേക്കോ മാൽവയറസ് ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കോ ആണ് ഇത്തരം ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ നയിക്കപ്പെടുകയെന്ന് ഡി.ഇ.എസ്.സി വ്യക്തമാക്കി.
ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന് മുമ്പായി ഇ-മെയിലുകളുടെ ഉറവിടം കൃത്യമായി പരിശോധിക്കണം. കൂടാതെ സംശയകരമായ മെസേജുകളോട് പ്രതികരിക്കരുത്. വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ വ്യക്തി വിവരങ്ങൾ നൽകുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സംശയകരമായ വെബ്സൈറ്റുകളെ കുറിച്ച് യഥാസമയം മുന്നറിയിപ്പു നൽകാനും വെബ്സൈറ്റ് ലിങ്കുകൾ തുറക്കുന്നതിന് മുമ്പ് സ്കാൻ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനുമായി ഡി.ഇ.എസ്.സി വികസിപ്പിച്ച ‘ആർസാം’ ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യവും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.