അനാവശ്യ വിലവർധനക്കെതിരെ കർശന നടപടി

ദുബൈ: നിലവിലെ സാഹചര്യത്തിൽ വിപണികളിൽ ഭക്ഷ്യ വസ്തുക്കൾക്ക്​ അമിതമായി വിലവർധിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുത്ത്​ അധികൃതർ. അനാവശ്യമായ വില വർധനവ്​ കണ്ടെത്താൻ ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതൽ മാർച്ച്​ 18 വരെ സാമ്പത്തിക, ടൂറിസം മന്ത്രാലയം നടത്തിയത്​ 8168 പരിശോധനകൾ. ഇതിൽ 729 പേർക്ക്​ മുന്നറിയിപ്പ്​ നൽകുകയും 216 പേർക്ക്​ 2,000 മുതൽ രണ്ട്​ ലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്തു. ഫെബ്രുവരി 28നും മാർച്ച്​ 18നും ഇടയിൽ ഉപഭോക്​താക്കളിൽ നിന്ന്​ 2441 പരാതികളാണ്​ സാമ്പത്തിക ടൂറിസം മന്ത്രാലയത്തിന്​ ലഭിച്ചത്​.

ഇതിൽ 1994 പരാതികൾ ഭക്ഷ്യ വില വർധനവുമായി ബന്ധപ്പെട്ടതും ഒമ്പത്​ പരാതികൾ ഹോട്ടലുകളുമായി ബന്ധപ്പെട്ടും 438 പരാതികൾ മറ്റ്​ വിഷയങ്ങളുമായി ബന്ധപ്പെട്ടതുമാണ്​. വലിയ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്​, പഴം തുടങ്ങിയ വിപണികളിൽ സാധാരണ വിപണനം നടത്തുന്ന ഉത്​പന്നങ്ങളുടെ വില പരിശോധിക്കുന്നതിനായി ഫീൽഡ്​ സന്ദർശനം നടത്തുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ച്​ എല്ലാ പരാതികളും അതിവേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞു. വ്യാപാരികളും വിൽപ്പന കേന്ദ്രങ്ങളും ഉപഭോക്തൃ സംരക്ഷണ നയങ്ങൾ പാലിക്കുന്നുണ്ടെന്നും എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിങ്​ അന്തരീക്ഷം നൽകുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് കർശന പരിശോധനകൾ നടത്തിവരുന്നതെന്ന്​ മന്ത്രാലയം അറിയിച്ചു.

നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും വിപണിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നയങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനുമായി ക്രമേണ പിഴ നടപടികൾ വർധിപ്പിക്കാനാണ്​ മന്ത്രായത്തിന്‍റെ തീരുമാനം. ഓരോ നിയമലംഘനത്തിന്‍റെയും സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്തായിരിക്കും പിഴ എത്രത്തോളമെന്ന്​ നിശ്ചയിക്കുക.

സാമ്പത്തിക വികസന വകുപ്പിന്‍റെയും പ്രത്യേക സംഘത്തിന്‍റെയും സഹായത്തോടെ വിപണിയുടെ പ്രവർത്തനം നിരീക്ഷിച്ചുവരികയാണ്​. ഇലക്​ട്രോണിക്​ പ്രൈസ്​ മോണിറ്ററിങ്​ സംവിധാനം ഉപയോഗിച്ച്​ യഥാസമയമുള്ള വില മനസിലാക്കാൻ​ സാധിക്കുന്നുണ്ട്​. കോ ഓപ്പറേറ്റീവ്​ സൊസൈറ്റികൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവ ഉൾപ്പെടെ ഏതാണ്ട്​ 627 പ്രധാന ചെറുകിട ഔട്ട്​ലറ്റുകളിലാണ്​ ഇലക്​ട്രോണിക്​ പ്രൈസ്​ മോണിറ്ററിങ്​ സംവിധാനം പ്രവർത്തിച്ചുവരുന്നത്​​. നിലവിലെ സാഹചര്യത്തിൽ വിപണികളിലെ സാധനങ്ങളുടെ ലഭ്യതയും വിലയും നിരീക്ഷിക്കുന്നതിനാണ്​ പ്രധാന പരിഗണനയെന്ന്​ സാമ്പത്തിക, ടൂറിസം മന്ത്രിയും ഉപഭോക്​തൃ സംരക്ഷണത്തിനായുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ അബ്​ദുല്ല ബിൻ തൂഖ്​ അൽ മർറി പറഞ്ഞു. 

Tags:    
News Summary - Strict action against unnecessary price hikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.