ദുബൈ: യു.എ.ഇയുടെ വികസനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ ശ്ലാഘിച്ച് യു.എ.ഇ വിദേശകാര്യ സഹമന്ത്രി േഡാ. അൻവർ ഗർഗാഷ്. രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ഡോ. ഗർഗാഷ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എ.ഇയുടെ വികസനത്തിൽ ഇന്ത്യൻ പ്രവാസികളുടെ പിന്തുണ എടുത്തുപറഞ്ഞത്.
വിദേശ കാര്യ സഹമന്ത്രി എം.ജെ.അക്ബറുമായും ഡോ. ഗർഗാഷ് ചർച്ച നടത്തി. ഇരുകൂട്ടർക്കും ഗുണകരമായ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കെട്ടിപ്പടുക്കാനായി ഇൗയിടെ നടന്ന ഉന്നത ഉഭയകക്ഷി സന്ദർശനങ്ങളിലെടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളിലുണ്ടായ തുടർ നടപടികളിൽ എം.ജെ.അക്ബർ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ ഉൗർജ സുരക്ഷയിൽ അസംസ്കൃത എണ്ണ നൽകി യു.എ.ഇ വഹിക്കുന്ന ഗണനീയ സംഭാവനയിൽ അദ്ദേഹം ഡേ. അൻവർ ഗർഗാഷിന് നന്ദി അറിയിച്ചു. യു.എ.ഇ വിദേശകാര്യ സഹമന്ത്രിക്ക് ഒപ്പം സാമ്പത്തികാര്യ ഉപ മന്ത്രി മുഹമ്മദ് ഷറഫും മറ്റു ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
രണ്ടു രാജ്യങ്ങൾക്കും താൽപര്യമുള്ള ഉഭയകക്ഷി, മേഖല, അന്താരാഷ്ട്ര വിഷയങ്ങൾ ഇന്ത്യ^യു.എ.ഇ സംഘം ചർച്ച ചെയ്തു. ഇന്ത്യയിൽ യു.എ.ഇ നിക്ഷേപം സംബന്ധിച്ച പ്രവർത്തന പുരോഗതി സംഘം വിലയിരുത്തി. ദേശീയ അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ടിൽ യു.എ.ഇയിലെ നിക്ഷേപകരുടെ പങ്കാളിത്തം എളുപ്പമാക്കുന്നതിനുള്ള ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രം ഇരുരാജ്യങ്ങളും ഇൗയിടെ ഒപ്പുവെച്ചിരുന്നു. ദേശീയ അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ടിൽ നിക്ഷേപിക്കാമെന്ന് അബൂദബി നിക്ഷേപ അതോറിറ്റി നേരത്തെ സമ്മതിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിലെ കാലിക വിഷയങ്ങൾ ഡോ.ഗർഗാഷ് ഇന്ത്യൻ സംഘത്തിന് വിശദീകരിച്ചുകൊടുത്തു. മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും പുരോഗതിക്കും ക്ഷേമത്തിനുമാണ് ഉയർന്ന പരിഗണന നൽകേണ്ടതെന്ന തങ്ങളുടെ നിലപാട് ഇന്ത്യയും വിശദീകരിച്ചു. ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം, മതപരമായ അസഹിഷ്ണുത എന്നിവ മേഖലയുടെ സ്ഥിരതക്ക് മാത്രമല്ല ആഗോള സമാധാനത്തിനും ഭീഷണിയാണ്. നിർമാണാത്മകമായ സംഭാഷണങ്ങളിലൂടെയും സമാധാനപരമായ ചർച്ചകളിലുടെയും ബന്ധപ്പെട്ട കക്ഷികൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ ഉൗന്നിപ്പറഞ്ഞതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ഡോ.അൻവർ ഗർഗാഷ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഡോ.എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപേദഷ്ടാവ് എന്നിവരെയും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.