ദുബൈ: അജ്ഞാതമായ ഉറവിടങ്ങളിൽ നിന്നുള്ള ക്യൂ.ആർ കോഡുകൾ കൃത്യമായി സ്ഥിരീകരണമില്ലാതെ സ്കാൻ ചെയ്യുന്നത് വ്യക്തിവിവരങ്ങൾ ചോരാനും സൈബർ തട്ടിപ്പിനും ഇടയാക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. ‘തട്ടിപ്പിനെ സൂക്ഷിക്കുക’ എന്ന കാമ്പയിനിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ രീതികളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. പൊതു സ്ഥലങ്ങളിൽ ടെക്സ്റ്റ് മെസേജുകൾ, ഇ-മെയിലുകൾ എന്നിവയിലൂടെ വ്യാജ ക്യു.ആർ കോഡുകൾ അയക്കുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. സമ്മാനങ്ങൾ നേടൽ, പ്രത്യേക കിഴിവുകൾ അല്ലെങ്കിൽ പ്രത്യേക ഓഫറുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ ആകർഷകമായ മെസേജുകൾ ഉപയോഗിച്ച് വിശ്വസനീയമെന്ന് തോന്നിക്കുന്ന രൂപത്തിലാണ് ക്യു.ആർ കോഡുകളുടെ രൂപകൽപന. ഈ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ എത്തുക ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുന്ന വ്യാജ വെബ്സൈറ്റുകളിലേക്കായിരിക്കും. ചില കേസുകളിൽ ഇരകളുടെ മൊബൈൽ ഡിവൈസുകളിലേക്കുള്ള പ്രവേശനം നേടുകയും നിയന്ത്രണം ഏറ്റെടുത്ത് വ്യക്തിക വിവരങ്ങളും എകൗണ്ട് വിവരങ്ങളും കൈവശപ്പെടുത്തുകയും ചെയ്യുന്നതായി ദുബൈ പൊലീസ് അറിയിച്ചു.
സ്ഥിരീകരിക്കാത്തതും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ളതുമായ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിൽ നിന്നും വ്യക്തി വിവരങ്ങൾ നൽകുന്നതിൽ നിന്നും വിട്ടുനിൽക്കണം. സ്ഥിരീകരിച്ച ക്യു.ആർ കോഡിൽ മാത്രമേ വിവരങ്ങൾ നൽകാവൂ. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ ആദ്യ പടി വ്യക്തികളുടെ അവബോധമാണെന്നും ദുബൈ പൊലീസ് മുന്നറിയിപ്പു നൽകി.
വ്യാജ ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വ്യക്തി വിവരങ്ങൾ നഷ്ടമാവുന്ന നിരവധി സംഭവങ്ങൾ റിപോർട്ടു ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. സംശയകരമായ ക്യു.ആർ കോഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അതോറിറ്റികളെ ഉടൻ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.