അബൂദബി: വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). സ്കൂളിന് പുറത്ത് നടത്തുന്ന നിര്‍ബന്ധിത പരീക്ഷകളുടെ എല്ലാ ചെലവുകളും സ്കൂളുകള്‍തന്നെ വഹിക്കണമെന്നും വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പ്രത്യേകം ഫീസ് ഈടാക്കരുതെന്നും അഡെക് നിർദേശിച്ചു. വിദ്യാര്‍ഥികളുടെ പഠനം, പുരോഗതി, മൂല്യങ്ങൾ എന്നിവ അളക്കാന്‍ ലക്ഷ്യമിട്ട് സ്വതന്ത്ര ഏജൻസികൾ വികസിപ്പിച്ചെടുത്തതാണ് ഇത്തരം വിലയിരുത്തൽ പരീക്ഷകളെന്ന് അഡെക് പറഞ്ഞു. ഡേറ്റകളില്‍ അധിഷ്ഠിതമായ മൂല്യനിര്‍ണയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം വിലയിരുത്തലുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
അബൂദബിയിലെ വ്യത്യസ്തമായ വിദ്യാർഥി സമൂഹത്തിലുടനീളം മൂല്യനിര്‍ണയ ഡേറ്റ ക്രമീകരിക്കുന്നതിലൂടെ വിദ്യാര്‍ഥികൾക്ക് ലഭിക്കുന്ന ഫലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനവും മെച്ചപ്പെടുത്തുന്നതിനുള്ള പൊതുചട്ടക്കൂട് സ്ഥാപിക്കുകയാണ് അഡെക് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ബോര്‍ഡ് പരീക്ഷകള്‍ക്ക് യോഗ്യരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂളുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.
ഉയര്‍ന്ന നിലവാരം കാഴ്ചവെക്കുന്ന സൈക്കിള്‍ 3 വിദ്യാര്‍ഥികളെ ഉയര്‍ന്ന തലങ്ങളിലുള്ള പരീക്ഷകള്‍ എഴുതിക്കണം. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ മാതാപിതാക്കളെയും ഉള്‍പ്പെടുത്തണം. വിദ്യാര്‍ഥികള്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത അന്താരാഷ്ട്ര ബോര്‍ഡ് പരീക്ഷകളുടെ ചെലവ് മാത്രം സ്കൂളുകള്‍ക്ക് മാതാപിതാക്കളില്‍നിന്ന് ഈടാക്കാം.
സേവനദാതാവ് നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമായിരിക്കണം ഇത്തരത്തില്‍ ഈടാക്കേണ്ടത്. ഫീസ് വിവരം സ്കൂളിന്റെ വെബ്സൈറ്റില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. പ്രീ കോളജ് അന്താരാഷ്ട്ര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനായി സൈക്കിള്‍ 3 വിദ്യാര്‍ഥികള്‍ക്ക് ഒരു അക്കാദമിക് വര്‍ഷത്തില്‍ നാലാഴ്ച ലീവ് അനുവദിക്കണം. eSIS സംവിധാനത്തില്‍ വിദ്യാര്‍ഥികളുടെ അസാന്നിധ്യം അംഗീകൃതമാണെന്നു രേഖപ്പെടുത്തുകയും വേണം. കുട്ടികള്‍ക്ക് അവധി നല്‍കിയിരിക്കുന്ന വേളയില്‍ പഠനാവധി എടുക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണം.
വിദ്യാര്‍ഥികളെ ബോധവത്കരിക്കുക, ഉചിതമായ പരീക്ഷാ സാഹചര്യം നിലനിര്‍ത്തുക, തട്ടിപ്പുകള്‍ കണ്ടെത്താനും കൈകാര്യം ചെയ്യാനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ഏഴ് പ്രധാന നടപടിക്രമങ്ങള്‍ പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയുന്നതിനായി സ്കൂളുകള്‍ പാലിക്കണമെന്നും അഡെക് വ്യക്തമാക്കി. ക്രമക്കേട് നടത്തി പിടിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അഡെക്കിന്റെ വിദ്യാര്‍ഥി പെരുമാറ്റ നയപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷയും ലഭിക്കും. പരീക്ഷ നിയമലംഘനങ്ങള്‍ അഡെക്കിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്കൂളുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.