ഉമ്മുല്‍ഖുവൈന്‍: ആധുനികതയിലേക്ക് ആഞ്ഞുകുതിക്കുേമ്പാഴും പഴമയുടെ നൻമയും പൈതൃകവും കൈവിടാൻ മടിക്കുന്ന യു.എ.ഇയുടെ ഗ്രാമഭംഗിയും ഹരിതാഭയും കൊണ്ട് സമ്പന്നമായ എമിറേറ്റാണ് ഉമ്മുൽ ഖുവൈൻ. വിദേശികളും സ്വദേശികളും നടത്തുന്ന ചെറുതും വലുതുമായ കൃഷിത്തോട്ടങ്ങൾ, നാട്ടിലെ പുരയിട മുറ്റങ്ങളെ അനുസ്മരിപ്പിക്കുന്ന കോഴിക്കൂട്ടങ്ങൾ, അതിനെല്ലാമേറെ കുടുംബാംഗങ്ങളെപ്പോലെ പരസ്പരം പരിചയവും സ്നേഹബന്ധവും സൂക്ഷിക്കുന്ന ജനങ്ങൾ എന്നിവയെല്ലാം ഉമ്മുൽഖുവൈനിനെ വേറിട്ടതാക്കുന്നു. തികച്ചും വ്യത്യസ്തമായ ജീവിത ശൈലിയും പാരമ്പര്യ തനിമയുമാണ് ഉമ്മുല്ഖുവൈനിെൻറ മുഖമുദ്ര. എമിറേറ്റിലെ പ്രധാന കാര്‍ഷിക മേഖലയായ കാബിറിൽ എത്തിയാൽ ഒരു പക്ഷേ യു.എ.ഇയിൽ തന്നെയാണോ എന്ന് സംശയിച്ചു പോകും. ഫലാജുല്‍ മുഅല്ല റോഡിെൻറ ഇരു വശങ്ങളിലായാണ് കാബിര്‍ സ്ഥിതിചെയ്യുന്നത്.
കാബിറിെൻറ തോട്ടം ഭാഗങ്ങളിലേക്ക് പോകുമ്പോള്‍ മലയാളികളുടെ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളെ കാണാം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാബിറിെൻറ ഗ്രാമാന്തരീക്ഷത്തിലേക്ക് കച്ചവടത്തിനായി വന്ന് നാട്ടുകാരിലൊരാളായി മാറിയ കാസർകോട് ചെറുവത്തൂര്‍ തുരുത്തി സ്വദേശി അബ്ദുള്‍ സലാമും കാൽ നൂറ്റാണ്ടായി മേഖലയിൽ വ്യാപാരം നടത്തുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി റഖീഫുമാണ് നടത്തിപ്പുകാർ.
കാബിറിലെ നൂറിലധികം തോട്ടങ്ങളില്‍ നിന്ന് തക്കാളി, ജര്‍ജീര്‍, കക്കിരി, കൂസ്, ഖസ്, പൊതീന, തണ്ണീമത്തന്‍, ശമാം തുടങ്ങി അനവധി പച്ചക്കറി പഴവര്‍ഗ്ഗനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. കൂടുതലും ജബൽ അലിയിലെ മാര്‍ക്കറ്റുകളിലേക്കാണ് എത്തിക്കുന്നത്. മികച്ച വിളവ് ലഭിക്കുേമ്പാൾ ഉമ്മുല്‍ഖുവൈന്‍ മാര്‍ക്കറ്റിലും ഇൗ തനി നാടൻ പച്ചക്കറി എത്തും. ആട്, ഒട്ടകം, മുയല്‍, കോഴി, പ്രാവ് തുടങ്ങിയവ തോട്ടങ്ങളിലെ ദൈനംദിന ആവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നവയാണ്. റുമാന്‍, നല്ല ഇനം ഈത്തപ്പഴം മുതലായവയും ഇവിടുത്തെ കാര്‍ഷിക വിളകളാണ്. ഈത്തപ്പഴം അബൂദബിയിലെത്തിച്ചാണ് സംസ്കരണവും വിൽപനയും.
മികച്ച റോഡുകളും ജല വൈദ്യുതി സൗകര്യങ്ങളും ഒരുക്കുേമ്പാഴും കാബിറിെൻറ തനി ഗ്രാമാന്തരീക്ഷത്തിന് പോറലേൽപ്പിച്ചില്ല എന്നതാണ് സർക്കാർ ചെയ്ത മറ്റൊരു നൻമ.
നമ്മുടെ കാർഷിക-വാണിജ്യ മേഖലയുടെ പ്രധാന ഘടകങ്ങളിലൊന്നായിരുന്ന കാളവണ്ടിയും കഴുതവണ്ടിയുമെല്ലാം ഇന്ന് കേരളത്തിലെ ചെറുഗ്രാമങ്ങളിൽ നിന്നു പോലും അപ്രത്യക്ഷമാകുേമ്പാൾ ഹൈപ്പർലൂപ്പിലേക്ക് കുതിക്കുന്ന യു.എ.ഇയുടെ ഇൗ ഭാഗത്ത് ഇന്നും കഴുതവണ്ടികളുണ്ടെന്ന് കേട്ടാൽ അത്ഭുതപ്പെടരുത്. കാബിർ മേഖലയിലെ കൃഷിത്തോട്ടത്തിലേക്കാവശ്യമായ വളവും വസ്തുക്കളും തോട്ടങ്ങളിലേക്ക് എത്തിക്കുന്നത് ഇൗ വാഹനങ്ങളുപയോഗിച്ചാണ്. ഇവിടെ ജോലി ചെയ്യുന്ന പാക്കിസ്താനി തൊഴിലാളികൾക്ക് അവരുടെ നാട്ടിൻ പ്രദേശങ്ങളിൽ പതിവായി ഉപയോഗിച്ചു വരുന്ന ഇത്തരം വാഹനങ്ങൾ ഇവിടെയും ഉപയോഗിക്കാനാവുന്നതിൽ പ്രത്യേകമൊരു സന്തോഷമുണ്ട് താനും.
ഡിസംബര്‍ ജനുവരി മാസങ്ങളിലെ ഇടയവധി ദിനങ്ങളില്‍ സ്വദേശി ചെറുപ്പക്കാർ നാലുചക്ര വാഹനമേറി ആര്‍ത്തുല്ലസിക്കാന്‍ തെരഞ്ഞെടുക്കുന്ന മണല്‍കൂനകളും കാബിറില്‍ തന്നെ. തണുപ്പുകാലത്ത് കുടുംബത്തോടെ താമസിക്കാന്‍ പല സ്വദേശികളും ‘ശൈത്യ ഭവനം’ എന്ന വിളിപ്പേരുള്ള വീടുകള്‍ ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെറിയൊരു നാടന്‍ മൃഗശാലയും ഇവിടെ കാഴ്ചക്കാര്‍ക്ക് ഹരം പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.