ദുബൈ: കോവിഡ് പടർന്നു പിടിച്ചതിനെ തുടർന്ന് ലോകമെമ്പാടുമുള്ള മനുഷ്യർ, പ്രത്യേകിച്ച് പ്രവാസികൾ വലിയ മാനസിക സമ്മർദത്തിലൂടെയാണ് കടന്നു പോകുന്നത്. തനിക്ക് അസുഖമുണ്ടോ എന്ന സംശയം, തെൻറ പ്രിയപ്പെട്ടവരെ ഇതു ബാധിക്കുമോ എന്ന ഭയം, ജോലിയെയും പ്രവാസ ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാനസികാരോഗ്യ വിദഗ്ധരോട് സംസാരിച്ചു പരിഹാരം കാണാൻ വി.പി.എസ് ഹെൽത്ത്കെയർ മൈൻഡ്ടോക്ക് ഹെൽപ്ലൈൻ ആരംഭിച്ചു. ഇന്ത്യയിലെ മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രമായ കഡബംസ് ഗ്രൂപ്പുമായി ചേർന്നൊരുക്കുന്ന സേവനം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങി നിരവധി ഭാഷകളിൽ ലഭ്യമാണ്.
കോവിഡുമായി ബന്ധപ്പെട്ട ഏതു മാനസിക പ്രശ്നങ്ങൾക്കും ജനങ്ങൾക്ക് ഡോക്ടർമാരുടെ സഹായം തേടാം. മുഴുവൻ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈനിൽ ആദ്യഘട്ടത്തിൽ പത്തോളം സൈക്കോളജിസ്റ്റുകളുടെ സഹായമാണ് ലഭ്യമാക്കുക. സേവനം ലഭ്യമാക്കാനായി 8005546 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഡോക്ടറുടെ അപ്പോയിൻമെൻറ് എടുക്കാം. വി.പി.എസ് ഹെൽത്ത്കെയർ വെബ്സൈറ്റ് (www.vpshealth.com) സന്ദർശിച്ചും ഡോക്ടർമാരുടെ ഓൺലൈൻ അപ്പോയിൻമെൻറ് ലഭ്യമാക്കാം. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഡോക്ടർമാർ ആശയവിനിമയം നടത്തുക. മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭ്യമാക്കുകയെന്നത് കടമയായി കണ്ടാണ് ഇൗ ഉദ്യമത്തിന് തുടക്കമിട്ടതെന്ന് വി.പി.എസ് ഹെൽത്ത്കെയർ ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് സി.ഇ.ഒ ഡോ. ഷാജിർ ഗഫാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.