അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ യു.എ.ഇക്കെതിരെ സൗദിയുടെ രണ്ടാം ഗോൾ നേടിയ ഫിറാസ് അൽബുറൈകാനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കീഴടങ്ങി യു.എ.ഇ
ജിദ്ദ: അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ യു.എ.ഇയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി സൗദിക്ക് കിരീടം. ആദ്യപകുതിയിൽ ഹമ്മാം അൽ ഹാമിയും ഫിറാസ് അൽബുറൈകാനും നേടിയ ഗോളുകളാണ് ഗൾഫ് കപ്പിൽ മുത്തമിടാനുള്ള യു.എ.ഇ സ്വപ്നങ്ങൾ തകർത്ത് വല കുലുക്കിയത്.
കളി ചൂടുപിടിക്കുംമുമ്പെ അപ്രതീക്ഷിതമായേറ്റ ഇരട്ടപ്രഹരമാണ് യു.എ.ഇക്ക് തിരിച്ചടിയായത്. സിംഹഭാഗവും പച്ചയിൽ മുങ്ങിയ നിറഗാലറിയെ സാക്ഷിനിർത്തി ഇരുടീമും കൊണ്ടും കൊടുത്തും പോരാടിയ മത്സരത്തിൽ 11-ാം മിനിറ്റിൽതന്നെ യു.എ.ഇ വലയിൽ പന്തെത്തി. ആദ്യ കോർണർ കിക്ക് എതിർ ഡിഫൻസ് ക്ലിയർ ചെയ്തതിൽനിന്ന് ലഭിച്ച പന്താണ് സൗദി ഗോളിന് വഴിയൊരുക്കിയത്. അൽ ഹാമി തൊടുത്ത ഷോട്ട് യു.എ.ഇ പ്രതിരോധമതിലിൽതട്ടി വലയിലേക്ക് വഴിമാറിയപ്പോൾ ഗോളി ഖാലിദ് ഈസ കാഴ്ചക്കാരൻ മാത്രമായി.
ഇതിന്‍റെ ആഘാതം വിട്ടുമാറുംമുമ്പേ രണ്ടുമിനിറ്റിനകം അടുത്ത പ്രഹരം. 13-ാം മിനിറ്റിൽ പ്രതിരോധം പിളർന്നെത്തിയ ത്രൂപാസിൽ പന്തുപിടിച്ചെടുത്ത ഫിറാസിന്‍റെ ഷോട്ട് ഗോൾവര കടന്നതോടെ സൗദിക്ക് ആഘോഷമായി.
പിന്നീട് ഗോൾ തിരിച്ചടിക്കാൻ യു.എ.ഇ കിണഞ്ഞുശ്രമിച്ചെങ്കിലും സൗദി അവസരമേതും നൽകിയില്ല. 39-ാം മിനിറ്റിൽ ബ്രൂണോ ഒലിവീറയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ‘വാറി’ന്‍റെ സൂക്ഷ്മതയിൽ റദ്ദായതും യു.എ.ഇക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.