1.18 കോടി ദിർഹമിന്‍റെ തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ
ദുബൈ: ഔദ്യോഗിക സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോളുകളിലൂടെ 1.18 കോടി ദിർഹമിന്‍റെ തട്ടിപ്പ് നടത്തിയ രണ്ട് പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ആന്‍റി ഫ്രോഡ് സെന്‍ററിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വിവിധ ഔദ്യോഗിക സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി 1,18,77,532 ദിർഹമാണ് ഇവർ തട്ടിയെടുത്തത്.
രാജ്യത്തിന് പുറത്തുള്ള കേസിൽ പേരുണ്ടെന്ന് ഭയപ്പെടുത്തിയാണ് പ്രതികൾ ആളുകളെ വലയിലാക്കിയത്. അക്കൗണ്ടിലുള്ള പണത്തിന്‍റെ നിയമസാധുത പരിശോധിച്ച ശേഷം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
പരിശോധനക്ക് പണം തികയുന്നില്ലെന്ന് പറഞ്ഞ് ചിലരുടെ സ്വർണാഭരണങ്ങൾ വിൽപന നടത്തിക്കുകയും, മറ്റുള്ളവരുമായുള്ള ബന്ധം വിച്ഛേദിക്കാൻ ആളുകളെ ഹോട്ടൽ മുറികളിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. പരാതികൾ ലഭിച്ചതിനെ തുടർന്ന് ദുബൈ പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദേശ കേന്ദ്രത്തിന് വേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും, പ്രത്യേക ആപ്പ് വഴിയാണ് ഇരകളുടെ വിവരങ്ങൾ ലഭിച്ചിരുന്നതെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. പ്രതികളുടെ ഫോണുകളിൽ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.