റാസല്‍ഖൈമ: വാഹനാപകടങ്ങൾക്കും തുടര്‍ന്നുള്ള ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നതില്‍ നല്ല ശതമാനവും പ്രതിസ്ഥാനത്ത് എത്തുന്നത് ഡ്രൈവിങ്ങിനിടയിലെ ‘മയക്ക’മെന്നതില്‍ രണ്ടഭിപ്രായമില്ല. കഴിഞ്ഞ ദിവസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ റാസല്‍ഖൈമയില്‍ അപകടത്തിൽപെട്ടതിന് പിന്നില്‍ വാഹനം ഓടിച്ചയാളുടെ ‘മയക്ക’മായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭാര്യക്കും കുഞ്ഞിനുമൊപ്പം ദുബൈയില്‍നിന്ന് വരികയായിരുന്ന കാര്‍ റാസല്‍ഖൈമയില്‍ പ്രവേശിച്ചയുടന്‍ അപകടത്തിൽപെടുകയായിരുന്നു.
മലയാളികളുള്‍പ്പെടെ യാത്രികരുടെ സമയോചിത ഇടപെടലും അധികൃതരുടെ സഹായവും ഈ കുടുംബത്തിന് തുണയാവുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ആംബുലന്‍സ് വിഭാഗം ഞൊടിയിടയില്‍ കുടുംബത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സാരമായ പരിക്കേറ്റ ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവിങ്ങിനിടയില്‍ മയക്കം തോന്നിയാല്‍ ഞൊടിയിടയില്‍ വാഹനം പാര്‍ക്ക് ചെയ്യണമെന്നാണ് അധികൃതര്‍ നല്കുന്ന നിർദേശം. എന്നാല്‍, പലരും മുഖത്ത് വെള്ളം തളിച്ചും മറ്റും മയക്കത്തെ മറികടക്കാന്‍ ശ്രമിച്ച് ഡ്രൈവിങ് തുടരുകയാണ് പതിവ്.
രാത്രിയായാലും പകലായാലും മയക്കം തോന്നിയാല്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് ബുദ്ധിയെന്നാണ് വിദഗ്ധരുടെ പക്ഷം. സുരക്ഷിതസ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് ഏതാനും നിമിഷം വിശ്രമിച്ച ശേഷം ഡ്രൈവിങ് തുടരുന്നത് ദുരന്തം ഒഴിവാക്കാന്‍ സഹായിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുന്നതില്‍ സമയദൈര്‍ഘ്യം നേരിട്ടാലും സുരക്ഷിതമായി എത്തുന്നതിനാണ് വാഹനയാത്രികര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.