ദുബൈ: കോവിഡ് മഹാമാരിയെ കുടഞ്ഞെറിയാൻ പ്രതിരോധത്തിെൻറ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്ന രാജ്യത്ത് വാക്സിൻ വിപ്ലവം തുടരുന്നു. പൗരന്മാർക്കും താമസക്കാർക്കും പൂർണമായും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി അബൂദബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽ വാക്സിൻ വിതരണത്തിനായി 97 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. മുൻകൂട്ടിയുള്ള ബുക്കിങ് ഇല്ലാതെത്തന്നെ വിതരണ കേന്ദ്രങ്ങളിലെത്തി ആർക്കും വാക്സിൻ സ്വീകരിക്കാം. 18 വയസ്സും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും എമിറേറ്റ്സ് ഐഡിയുമായി കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, 18 വയസ്സിന് താഴെയുള്ളവർ, മരുന്നോ ഭക്ഷണമോ കൊണ്ട് അലർജിയുണ്ടാവുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുമായി വലയുന്നവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ പാടില്ല.
അബൂദബി സിറ്റിയൽ 34 ആരോഗ്യകേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കുന്നത്. അൽ ഐനിൽ ആശുപത്രികൾ ഉൾപ്പെടെ 25 കേന്ദ്രങ്ങളിലും അൽ ദഫ്റ മേഖലയിൽ 10 കേന്ദ്രങ്ങളിലും വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അബൂദബിയിലെ എട്ടു മജ്ലിസുകളിലും അൽഐനിൽ 14 മജ്ലിസുകളിലും വാക്സിൻ വിതരണം നടക്കും. അൽ ദഫ്റ മേഖലയിലെ ഏഴു മജ്ലിസുകളാണ് വാക്സിൻ വിതരണത്തിനായി തയാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുള്ളത്.
ദുബൈ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാക്സിൻ വിതരണം തുടങ്ങിയിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വാക്സിൻ വിതരണത്തിന് സജ്ജമാക്കിയ ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുടെ സമഗ്ര വിവരം മന്ത്രാലയം പുറത്തുവിട്ടു. മന്ത്രാലയം നിർദേശിച്ച സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ സ്വീകരിക്കാം. വാക്സിൻ സ്വീകരിക്കാനെത്തുന്നവർ എമിറേറ്റ്സ് ഐഡി കരുതരണം. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങളും കഴിഞ്ഞ ദിവസം ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.