ദുബൈ: ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. ടിക് ടോക്കിലൂടെയുണ്ടായ തർക്കവും വെല്ലുവിളിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു..
ടിക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ എത്തുകയായിരുന്നു എന്നാണ് സൂചന. പൊതു സ്ഥലത്തുവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബൈയിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്. ഇസ്മായിലിന്‍റെ സഹോദരൻ ജുബൈറും ദുബൈയിലാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഷാർജയിലെ ബുഹൈറ പൊലീസ് ആണ് തുടർ നടപടികൾ സ്വീകരിച്ചത്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.