പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ അധികൃതർ സംസാരിക്കുന്നു
ദുബൈ: ഉപയോഗിച്ച ബാറ്ററികൾ പ്ലാസ്റ്റിക് ചിപ്പുകളും ലെഡ് ഇൻഗോട്ടുകളുമായി പുനരുപയോഗിക്കുന്ന റീ സൈക്ലിങ് പ്ലാന്റിന് ദുബൈയിൽ ശിലയിട്ടു. 'ദുബാറ്റ്' എന്ന പേരിൽ ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് പുതിയ പ്ലാന്റിന് ശിലയിട്ടത്. 110 ദശലക്ഷം ദിർഹം നിക്ഷേപിച്ചാണ് പ്ലാന്റ് യാഥാർഥ്യമാക്കുക. മെനാ മേഖലയിലെ ഏറ്റവും വലിയ റീസൈക്ലിങ് സൗകര്യങ്ങളിലൊന്നാണിത്. 70,000 ചതുരശ്രയടി വലുപ്പമുള്ള പ്ലാന്റിൽ 25,000 മെട്രിക് ടൺ വരെ ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികൾ പുനരുപയോഗിക്കാൻ കഴിയും. നേരേത്ത നടന്ന ശിലാസ്ഥാപന ചടങ്ങിൽ ഡി.ഐ.സി മാനേജിങ് ഡയറക്ടർ സൗദ് അബു അൽ ശവാരീബ്, വിവിധ ഗവൺമെന്റ് വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
2023 ജനുവരിയോടെ പ്ലാന്റ് പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമെന്ന് പ്രമോട്ടർമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണമാണ് മുഖ്യലക്ഷ്യം. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനൊപ്പം നൂതന ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്തരം പദ്ധതികളെന്ന് സൗദ് അബു അൽ ശവാരീബ് പറഞ്ഞു. യു.എ.ഇയുടെ സർക്കുലർ എക്കോണമിയിൽനിന്നും സുസ്ഥിരത ലക്ഷ്യങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ടുള്ള നിക്ഷേപമാണ് ദുബാറ്റ് എന്ന് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ പറഞ്ഞു. ദുബൈ മുനിസിപ്പാലിറ്റി, ദുബൈ പരിസ്ഥിതി വകുപ്പ്, ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ് ടെക്നോളജി മന്ത്രാലയം, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ ഗവൺമെന്റ് സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുടെ സുസ്ഥിരത നയത്തിന് യോജിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ദുബാറ്റ് ഡയറക്ടർ അൻവർ അമീൻ ചേലാട്ട് പറഞ്ഞു. ഇൗയവും പ്ലാസ്റ്റിക്കും പോലുള്ള അപകടകരമായ വസ്തുക്കളെ പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങളാക്കി മാറ്റുന്നത് യു.എ.ഇയുടെ സുസ്ഥിരത നയത്തിനുള്ള പിന്തുണ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ വിശദാംശങ്ങൾ ദുബാറ്റ് ഡയറക്ടർ ഹാഷിഖ് പാണ്ടിക്കടവത്ത് വിവരിച്ചു. യു.എ.ഇയിൽ പ്രതിമാസം ഏകദേശം 6,000 മെട്രിക് ടൺ ബാറ്ററികൾ ഉൽപാദിപ്പിക്കുന്നുണ്ട്.
മണിക്കൂറിൽ 10 ടൺ ശേഷിയുള്ള ബാറ്ററി ബേക്കർ, നാല് ക്യുബിക് മീറ്റർ മെൽറ്റർ, നാല് റിഫൈനറി കെറ്റിലുകൾ എന്നിവയോടെയാണ് ദുബാറ്റ് പ്ലാന്റ് ആരംഭിക്കുക. പ്രതിവർഷം 25,000 മെട്രിക് ടൺ ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികളെ റീസൈക്കിൾ ചെയ്യാൻ കഴിയും. 14,000 ടൺ ലെഡ് ഇൻഗോട്ടുകളും 1,750 ടൺ പ്ലാസ്റ്റിക് ചിപ്പുകളും ഉൽപാദിപ്പിക്കാൻ കഴിയുമെന്നും ഹാഷിഖ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ ദുബൈ ഇക്കോണമി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അലി ഇബ്രാഹിം, സെരി ഇൻഡസ്ട്രിയൽ ഗ്രൂപ് (ഇറ്റലി) സഹസ്ഥാപകൻ ജിയാകോമോ സിവെറ്റിലോ, ദുബാറ്റ് ഡയറക്ടർ മുഹമ്മദ് ജാബിർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.