ദന്ത ചികിത്സയിൽ പിഴവ്​; ലക്ഷം ദിർഹം നഷ്ടപരിഹാരം

അബൂദബി: പല്ല്​ മാറ്റിവെക്കുന്നതിനായുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടതിനെതുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയക്കുകൂടി വിധേയനാവേണ്ടിവന്നയാള്‍ക്ക് ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് അല്‍ ഐന്‍ സിവില്‍, കൊമേഴ്‌സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് ക്ലെയിംസ് കോടതി. ചികിത്സ തേടിയ ദന്തരോഗ ചികിത്സ കേന്ദ്രത്തിനും ചികിത്സിച്ച ദന്തരോഗ വിദഗ്ധനുമെതിരെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ചികിത്സാപ്പിഴവിനെതുടര്‍ന്ന് അസഹ്യമായ വേദനയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടുവെന്ന് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. താന്‍ നേരിട്ട മാനസിക, ശാരീരിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി ചികിത്സ കേന്ദ്രവും ദന്തരോഗ വിദഗ്ധനും ചേര്‍ന്ന് മൂന്നുലക്ഷം ദിര്‍ഹവും ഇതിന്‍റെ ഒമ്പത്​ ശതമാനം പലിശയും സഹിതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം.

അതേസമയം, ​പ്രതിഭാഗം ആരോപണങ്ങള്‍ നിഷേധിക്കുകയും ക്രിമിനല്‍ കോടതി ഈ കേസില്‍ ദന്തിസ്റ്റിനെ കുറ്റവിമുക്തനാക്കിയ കാര്യവും ചൂണ്ടിക്കാട്ടി. ഇന്‍ഷുറന്‍സ് കമ്പനിയായ അബൂദബി നാഷനല്‍ തകാഫുല്‍ കേസില്‍ മൂന്നാം കക്ഷിയാണെന്നും പരാതിക്കാരനുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച മെഡിക്കല്‍ ലയബലിറ്റി കമ്മിറ്റി ശരിയായ മെഡിക്കല്‍ നടപടിക്രമങ്ങള്‍ ദന്തിസ്റ്റ് പാലിക്കാത്തതാണ് പിഴവ് സംഭവിക്കാന്‍ കാരണമെന്ന് വിലയിരുത്തി. അതേസമയം ദന്ത ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് ചെറി പിഴവാണെന്നും ഇതിലൂടെ രോഗിക്ക് സ്ഥിര വൈകല്യമൊന്നും ഉണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കോടതി പരാതിക്കാരന് ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ പ്രതിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമേ കോടതിച്ചെലവും വഹിക്കണമെന്ന് പ്രതിഭാഗത്തോട് കോടതി നിർദേശിച്ചു.

Tags:    
News Summary - Dental treatment error; one lakh dirhams compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.