കേരള ഡയലോഗ് ദുബൈയിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുന്ന ശശി തരൂർ എം.പി

പി.എം. ശ്രീയിൽനിന്ന്​ പിൻവാങ്ങണമെന്ന ആവശ്യം വിഡ്ഢിത്തം -ശശി തരൂർ

ദുബൈ: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിൻവാങ്ങണമെന്ന ആവശ്യം വിഡ്ഢിത്തമാണെന്ന് ശശി തരൂർ എം.പി. കേരളത്തിലെ സ്കൂളുകൾ ചോർന്നൊലിക്കുമ്പോൾ കേന്ദ്രം നൽകുന്ന ഫണ്ട് വേണ്ട എന്ന് പറയുന്നത് ഭ്രാന്താണ്. അത് നികുതിദായകരുടെ പണമാണ്. അമിത രാഷ്ട്രീയവൽകരണത്തിന്‍റെ ഏറ്റവും മോശം ഉദാഹരണമാണ് കേരളം. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ഒരുവാക്ക് കൊണ്ടു പോലും പുകഴ്ത്താത്ത തന്‍റെ നിഷ്പക്ഷ പോസ്റ്റ് പോലും വിവാദത്തിലായെന്നും തരൂർ ദുബൈയിൽ പറഞ്ഞു. റീ ഇമാജനിങ് കേരള എന്ന വിഷയത്തിൽ കേരള ഡയലോഗ് ദുബൈയിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിഷ്പക്ഷമായ ഒരു പോസ്റ്റിന്‍റെ പേരിലാണ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചു എന്ന് പറഞ്ഞ് എന്നെ ആക്രമിച്ചത്. പ്രകീർത്തിക്കുന്ന ഒരു വാക്ക് പോലും അതിലില്ല. ഭരണകക്ഷിയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. പക്ഷെ അവർ ഒരു പദ്ധതിയുമായി മുന്നോട്ടുവന്നാൽ ഞാൻ സഹകരിക്കും. അവർക്ക് ഭരിക്കാനുള്ള ജനവിധിയുണ്ട്. അവർ പറയുന്നത് അനുസരിച്ചാലേ പണം തരൂ എന്ന് പറഞ്ഞാൽ, ചർച്ച ചെയ്ത് എന്‍റെ ബോധ്യത്തിന് അനുസരിച്ചുള്ളത് നടപ്പാക്കും. കേരളം തകർന്നുനിൽക്കുമ്പോൾ വന്ന പദ്ധതി വേണ്ടെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സർക്കാർ സ്കൂളുകൾ ചോർന്ന് തകർന്നുവീഴാൻ നിൽക്കുകയാണ്. ബെഞ്ചും ഡെസ്കും ഇല്ലാതിരിക്കുമ്പോൾ ആദർശവിശുദ്ധിയുടെ പേരിലാണ് പണം വേണ്ടെന്ന് പറയുന്നത്. അത് മണ്ടത്തരമാണ്​. നികുതിദായകന്‍റെ പണമാണതെന്നും അദ്ദേഹം പറഞ്ഞു.

സകലരംഗവും രാഷ്ട്രീയവൽകരിച്ചതാണ് കേരളത്തിന്‍റെ പ്രശ്നം. നിക്ഷേപകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹർത്താലുകൾ തടയാനും നിയമങ്ങളുണ്ടാകണം. ബിസിനസ് തുടങ്ങാൻ കേരളത്തിൽ ശരാശരി 236 ദിവസം വേണം. സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തു കളയേണ്ടതാണ്​. ചിഹ്നം നോക്കി വോട്ടു ചെയ്യുന്നതിന് പകരം പുതിയ തലമുറ ചിന്തിച്ച് വോട്ട് ചെയ്താലേ കേരളത്തിൽ മാറ്റമുണ്ടാകൂ എന്നും ശശി തരൂ പറഞ്ഞു.


Tags:    
News Summary - Demand to withdraw from PM Shri is foolish - Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT