ദുബൈ: ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവിസ് വെട്ടിക്കുറക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർവിസ് വെട്ടികുറക്കുന്നതോടെ രൂപപ്പെടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. ഗൾഫിലേക്കുള്ള വിമാനസർവിസുകൾ വെട്ടിക്കുറക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം കേരളത്തിൽ നിന്നുള്ള പ്രവാസികളെ പ്രയാസത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. പ്രതിസന്ധി പരിഹരിക്കാൻ ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വിമാന സീറ്റുകൾ സംബന്ധിച്ച ഉഭയകക്ഷി ധാരണകൾ പുതുക്കി കൂടുതൽ വിമാനകമ്പനികൾക്ക് അവസരം നൽകാൻ സർക്കാർ മുന്നോട്ടുവരണമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ നേതാവ് അഡ്വ. ഹാഷിക് തൈക്കണ്ടിയും ആവശ്യപ്പെട്ടു. തിരുവനന്തപുരം-ദുബൈ, കൊച്ചി-അബൂദബി സർവിസുകളടക്കം വെട്ടിക്കുറക്കാനുള്ള തീരുമാനമാണ് പ്രവാസികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. വിമാന യാത്രാനിരക്ക് വർധിക്കാൻ നടപടി കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.