ഡെലിവറി മോട്ടോർസൈക്കിൾ ഉപയോക്താക്കള്‍ക്കായി
അജ്മാന് പൊലീസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്
അജ്മാന്: റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി ബൈക്ക് റൈഡർമാർക്കെതിരെ കർശന നടപടികളുമായി അജ്മാന് പൊലീസ്. ജീവൻ അപകടത്തിലാക്കുന്ന വിധം അശ്രദ്ധമായി വാഹനമോടിക്കുന്നത് അനുവദിക്കില്ലെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങളില്‍ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും മോട്ടോർ സൈക്കിൾ കണ്ടുകെട്ടലും ലഭിക്കും. ഡെലിവറി മോട്ടോർസൈക്കികളുടെ നിയമലംഘനങ്ങൾ വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാത്തതിന് 500 ദിർഹം പിഴ ലഭിക്കും. ട്രാഫിക് അടയാളങ്ങളും ചട്ടങ്ങളും പാലിക്കാത്തതിന് ബ്ലാക്ക് പോയന്റുകളല്ലാതെ 500 ദിർഹം പിഴയും ഗതാഗതം ഉറപ്പാക്കാതെ റോഡിൽ പ്രവേശിക്കുന്നതിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും.
ഇത്തരം വിഷയങ്ങളില്‍ ബോധവത്കരണം ലക്ഷ്യമിട്ട് അജ്മാന് പൊലീസ് ഡെലിവറി ബൈക്കുകാര്‍ക്ക് കാമ്പയിന് സംഘടിപ്പിച്ചു. അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു.
അപകടകരമായ റൈഡിങ് കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്ന് അജ്മാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും എല്ലാ ഡെലിവറി കമ്പനികളോടും അവരുടെ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി റൈഡർമാർക്കെതിരെ കർശനമായ പിഴ ചുമത്തുന്നതിനായി അതോറിറ്റി ഒരു പ്രത്യേക നടപടി ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.