ഇടത് ലൈനിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക് രേഖപ്പെടുത്തിയ സൂചനാബോർഡുകൾ
ദുബൈ: അപകടങ്ങൾ കുറക്കുകയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി ദുബൈയിലെ വലിയ റോഡുകളിൽ ഇടത് ഭാഗത്തെ വേഗമേറിയ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്.
ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും ദുബൈ പൊലീസും ചേർന്ന് നവംബർ ഒന്നുമുതൽ പുതിയ നിയമം നടപ്പിലാക്കും. അഞ്ചോ കൂടുതലോ ലൈനുകളുള്ള റോഡുകളിൽ ഇടത് വശത്തെ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനമുണ്ടാകില്ല. മൂന്നോ നാലോ ലൈനുകളുള്ള പാതകളിൽ ഇടതുവശത്തെ ഒരു ലൈനിലാണ് പ്രവേശന വിലക്ക്. അതേസമയം രണ്ടോ ഒന്നോ ലൈൻ മാത്രമുള്ള പാതകളിൽ ഡൈലിവറി ബൈക്കുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
സ്വകാര്യ, പൊതു മേഖലയിലെ പങ്കാളികളുമായി ഏകോപനത്തിലാണ് റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കാനായി തീരുമാനം കൈകൊണ്ടതെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ഡെലിവറി മേഖല സാമ്പത്തിക വികസനത്തിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ആരോഗ്യ, സുരക്ഷാ, സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വരും വർഷങ്ങളിൽ എമിറേറ്റിലെ സമ്പദ്ഘടനയുടെ വലുപ്പം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന ദുബൈ എകണോമിക് അജണ്ടയുമായി ചേർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിയമം ലംഘിക്കുന്ന ബൈക്കുകൾക്ക് ആദ്യ ഘട്ടത്തിൽ 500ദിർഹമും രണ്ടാം തവണ 700ദിർഹമും പിഴ ചുമത്തുമെന്നും മൂന്നാം തവണ ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കുമെന്നും ദുബൈ പൊലീസ് ഓപറേഷൻസ് വകുപ്പ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി. അതോടൊപ്പം 100കി.മീറ്ററോ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 100കി.മീറ്ററിൽ കൂടുതൽ വേഗതയിൽ ബൈക്ക് ഓടിച്ചാൽ ആദ്യ അവസരത്തിൽ 200ദിർഹമും രണ്ടാമത് 300ദിർഹമും മൂന്നാമത് 400ദിർഹമും പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം 962റോഡപകടങ്ങൾ ഡെലിവറി റൈഡർമാരുടെ നിയമിംഘനങ്ങൾ മൂലം ദുബൈയിൽ രേഖപ്പെടുത്തിയിടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിലായി ദുബൈയിൽ ഡെലിവറി മേഖല വലിയ മുന്നേറ്റമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഡെലിവറി ആവശ്യക്കാരുടെയും ദുബൈ റോഡിലെ ബൈക്കുകളുടെയും എണ്ണം വളരെ വർധിച്ചിട്ടുണ്ട്. ട്രാഫിക് പഠനങ്ങളും സാങ്കേതിക നിലവാരവും വിലയിരുത്തിയാണ് അധികൃതർ ഇടത് ലൈനുകളിൽ ഡെലിവറി ബൈക്കുകളെ വിലക്കുന്ന തീരുമാനമെടുത്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും കൺസൾട്ടനസി കമ്പനികളുമായും ഈ വിഷയത്തിൽ കഴിഞ്ഞ മാസങ്ങളിൽ ആർ.ടി.എ യോഗങ്ങൾ ചേർന്ന് അഭിപ്രായങ്ങൾ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.