ദുബൈ: പത്ത് ലക്ഷം ഡോളർ സമ്മാനത്തുക ലഭിച്ചുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നതായി ദുബൈ സാമ്പത്തിക സേവന അതോറിറ്റിയുടെ (ഡി.എഫ്.എസ്.എ) മുന്നറിയിപ്പ്. നറുക്കെടുപ്പിലും ലോട്ടറിയിലും സമ്മാനം കിട്ടിയെന്ന് സന്ദേശങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് ജനങ്ങളുടെ പണം തട്ടുന്നത്.
മൊബൈൽ അവാർഡ് 2017, എമിറേറ്റ് ലോട്ടറി 2017 എന്നിവയിൽ സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ് നിരവധിയാളുകളെ ഇൗ സംഘം സമീപിച്ചു കഴിഞ്ഞു. വിശ്വാസ്യതക്കായി യുഎഇയുടെ സീലും പതാകയും ഡി.എഫ്.എസ്.എയുടെ ലോഗോയും പതിപ്പിച്ച രേഖകളാണ് കാണിക്കുന്നത്.
സമ്മാനത്തുക ലഭിക്കണമെങ്കിൽ ‘ജേതാക്കൾ’ നാഷ്ണൽ ബാങ്ക് ഒാഫ് ദുബൈ എന്ന പേരിലുള്ള ഫോം പൂരിപ്പിക്കുകയും മറ്റ് രേഖകൾ സമർപ്പിക്കുകയും വേണം. എന്നാൽ ഇൗ പേരിൽ ഒരു ബാങ്ക് ദുബൈയിൽ ഇല്ലെന്ന് ഡി.എഫ്.എസ്.എ. അധികൃതർ അറിയിച്ചു. പണം കിട്ടുന്നതിനുള്ള നടപടിക്രമങ്ങളുടെ ചെലവിലേക്ക് 800 ഡോളർ (2938 ദിർഹം) നൽകണമെന്നാണ് അടുത്ത ആവശ്യം. ഇങ്ങനെ നൽകുന്ന പണം നഷ്ടപ്പെടുകയാണ് പതിവ്. അതിനാൽ ഇത്തരത്തിലുള്ള അറിയിപ്പുകൾ അവഗണിക്കണമെന്നും ഒരു സാഹചര്യത്തിലും പണം നൽകരുതെന്നും ഡി.എഫ്.എസ്.എ. മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇത്തരം ഇടപാടുകൾ നടത്താൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. ഡി.എഫ്.എസ്.എ. ചെയർമാെൻറ പേര് ദുരുപയോഗം ചെയ്തും വ്യാജ ഇമെയിൽ വിലാസമുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. തട്ടിപ്പുകാർക്കെതിരെ ദുബൈ ഇൻറർനാഷ്ണൽ ഫിനാൻസ് സെൻററിെൻറ നേതൃത്വത്തിൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. പല തട്ടിപ്പുകാരും ഇപ്പോഴും മറഞ്ഞിരിക്കുന്നതിനാലും എൻഫോഴ്മെൻറ് അധികൃതരുടെ പരിധിക്ക് പുറത്തായതിനാലും തട്ടിപ്പിൽപെടാതെ പൊതുജനങ്ങൾ കരുതിയിരിക്കണമെന്നും ഡി.എഫ്.എസ്.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.