ദുബൈ: ശരത്കാല അവധിക്കായി അടച്ച സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നാളെ തുറക്കുന്നത്. അബൂദബി ഉൾെപ്പടെ മറ്റ് എമിറേറ്റുകളിൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ പഠനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടവേളക്കുശേഷം സ്കൂളുകളിൽ മടങ്ങിയെത്തുമ്പോൾ ചില മാറ്റം സംഭവിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെത്തുന്ന കുട്ടികൾക്കും സ്കൂൾ അധികൃതർക്കുമായി പുറപ്പെടുവിച്ച മുൻകരുതൽ നിർദേശങ്ങൾ നോക്കാം. ദുബൈയിൽ ക്ലാസിലെത്തുന്ന കുട്ടികൾക്ക് പി.സി.ആർ പരിശോധന ആവശ്യമില്ലെങ്കിലും സ്കൂളുകൾക്ക് ഇക്കാര്യം തീരുമാനിക്കാമെന്നാണ് നിർദേശം. സ്കൂൾ കാന്റീനുകളും കഫ്റ്റീരിയകളും തുറക്കരുത്. വിദ്യാർഥികൾക്കുള്ള ഭക്ഷണം വീട്ടിൽനിന്ന്കൊടുത്തുവിടണം. പാഠ്യേതര പ്രവർത്തനങ്ങളും ഒത്തുചേരലും നടത്തരുത്. അസംബ്ലി, സ്കൂൾ ട്രിപ്പുകൾ പോലുള്ളവ അടുത്ത അറിയിപ്പുണ്ടാകും വരെ പാടില്ല.
കോവിഡ് ലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. ഇവർക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ചെയ്യണം. രോഗലക്ഷണങ്ങൾ നിലച്ചാൽ ഇവർക്ക് തിരിച്ചുവരാം. പി.സി.ആർ പരിശോധന ആവശ്യമില്ല. അതേസമയം, ഷാർജയിൽ ആദ്യദിവസം ക്ലാസിലെത്തുന്നവർക്ക് പി.സി.ആർ പരിശോധന ഫലം വേണം. 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമാണ് വേണ്ടത്. സ്കൂൾ ട്രിപ്, പാഠ്യേതര പ്രവർത്തനം എന്നിവ ഉപേക്ഷിക്കണം. മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലായിടത്തും നിർബന്ധമാണ്. ആറ് വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധം. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമേ മാസ്ക് മാറ്റാവൂ. ഒരു മീറ്ററാണ് സാമൂഹിക അകലം. അബൂദബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിൽ രണ്ടാഴ്ച ഓൺലൈൻ പഠനമായിരിക്കും. കുട്ടികളെ സുരക്ഷിതമായി ക്ലാസ് മുറികളിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഈ കാലയളവിൽ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.