ദുബൈ: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന വൈകാതെ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിത്സ് പ്രത്യാശ പ്രകടിപ്പിച്ചു. ഇനി നോർമലൈസേഷന്റെ സമയമാണെന്നും നിബന്ധനകളില്ലാതെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിമാനയാത്ര പഴയനിലയിലേക്കെത്തും. വൈറസിനോടൊപ്പം ജീവിക്കേണ്ടി വരുമെന്ന് മനസ്സിലാക്കുന്നതോടെ ജനങ്ങൾ ഇതുമായി ഇണങ്ങിച്ചേരുമെന്നും അങ്ങനെ മാത്രമേ പഴയനില വീണ്ടെടുക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ജോൺ ഹോളണ്ടും സമാനമായ പ്രസ്താവന നടത്തിയിരുന്നു. പരിശോധന ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇവയെല്ലാം ഒഴിവാക്കിയാൽ മാത്രമേ വ്യോമയാന വ്യവസായത്തിന് പഴയനില കൈവരിക്കാൻ കഴിയൂ. ഈ അവസ്ഥ വർഷങ്ങളോളം തുടർന്നേക്കാം. ഈ സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ എടുത്ത ആളുകളെ പരിശോധിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ട സമയമാണിതെന്ന് എയർലൈൻ വ്യവസായ ബോഡിയായ അയാട്ട കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കൂടുതൽ നടപടികൾ എടുത്തതുവഴി പുതിയ വകഭേദത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.