ദുബൈ: കോവിഡ് പോരാളികൾക്ക് നന്ദിയെഴുതാനായി മാറ്റിവെച്ചിരിക്കുകയാണ് ദുബൈ ഇബ്നു ബത്തൂത്ത മാളിലെ 40 ചതുരശ്ര മീറ്റർ മതിൽ. മാളിലെത്തിയ നൂറുകണക്കിന് ഉപഭോക്താക്കൾ ഇതുവരെ നന്ദിവാക്കുകൾ കുറിച്ചുകഴിഞ്ഞു. മഹാമാരിയെ തടഞ്ഞിടാൻ രാപകലില്ലാതെ പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് പ്രധാനമായും നന്ദി അറിയിക്കുന്നത്. ഇവർക്കുപുറമെ കോവിഡ്കാലത്തും ദുബൈയിൽ സുഗമയാത്രയൊരുക്കിയ ഡ്രൈവർമാർ, അന്നം മുട്ടിയവർക്ക് അത്താണിയായ ഭക്ഷണവിതരണക്കാർ, നഗരം അണവിമുക്തമാക്കിയ ശുചീകരണത്തൊഴിലാളികൾ എന്നിവർക്കും അഭിവാദ്യം അർപ്പിക്കുന്നു.
‘നമ്മുടെ ഹീറോസിന് നന്ദി അറിയിക്കൂ’ എന്ന ബാനറിനുതാഴെയാണ് നന്ദിവാക്കുകൾ കുറിക്കുന്നത്. ചുവരിലെ ബോർഡിൽ ഒരുക്കിയിരിക്കുന്ന ഹൃദയ മുദ്രയിലാണ് സന്ദേശങ്ങൾ എഴുതുന്നത്. ഹൃദയചിഹ്നങ്ങൾക്ക് യു.എ.ഇയുടെയും ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും ദേശീയ പതാകകളുടെ നിറങ്ങൾ നൽകിയും ചിലർ അഭിവാദ്യം അർപ്പിക്കുന്നുണ്ട്. ബോർഡ് സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിൽ 500ഒാളം പേർ സന്ദേശം കുറിച്ചുകഴിഞ്ഞു. ഇൗ ബോർഡ് നിറയുന്നതോടെ പേർഷ്യ കോർട്ടിൽ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ബോർഡിലും നന്ദി എഴുതാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ 700ഒാളം പേർക്ക് അക്ഷരങ്ങൾ കുറിക്കാം. കോവിഡ് പോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാനുള്ള ഉപഭോക്താക്കളുടെ ഉത്സാഹം സന്തോഷം പകരുന്നതാണെന്നും അതിനാലാണ് മറ്റൊരു ബോർഡുകൂടി ഒരുക്കിയതെന്നും അധികൃതർ അറിയിച്ചു. ഇതിനുപുറമെ ‘നമ്മുടെ ഹീറോസിന് നന്ദി അറിയിക്കാം’ കാമ്പയിനും നടത്തുന്നുണ്ട്. ഇതുവഴി ആരോഗ്യപ്രവർത്തകർക്ക് സമ്മാന കൂപ്പണുകളും സൗജന്യ ടിക്കറ്റുകളും ഒാഫറുകളും കിഴിവുകളും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.