ജബല്‍ ജയ്സ് റോഡ്
റാസല്‍ഖൈമ: യു.എ.ഇയിലെ പ്രശസ്ത വിനോദ കേന്ദ്രമായ റാസല്‍ഖൈമ ജബല്‍ ജയ്സ് സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അധികൃതര്‍ സമ്പൂര്‍ണമായി പിന്‍വലിച്ചു. കനത്ത മഴയില്‍ തകര്‍ന്ന പ്രദേശങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് വിലക്ക് നീക്കുന്നത്. ഡിസംബറില്‍ ലഭിച്ച മഴയിലാണ് മലമുകളിലേക്കുള്ള റോഡുകള്‍ തകര്‍ന്നത്. ഇതേതുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഭാഗികമായി പിന്‍വലിച്ച് പ്രത്യേക അനുമതിയോടെ നിശ്ചിത പ്രദേശങ്ങളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നു. ഇനി മുതല്‍ അനുമതി കൂടാതെ എല്ലാ സന്ദര്‍ശകര്‍ക്കും ജബല്‍ ജയ്സ് മനോഹാരിത ആസ്വദിക്കാം.
സുരക്ഷാ മുന്‍കരുതലായി പ്രവേശനം നിയന്ത്രിച്ച അതിശൈത്യ ദിനങ്ങളില്‍ ജബല്‍ ജയ്സിലെ കൊടും തണുപ്പും മഞ്ഞുമൂടിയ പ്രഭാതങ്ങളും അനുഭവിക്കാന്‍ കഴിയാതിരുന്നത് പലരെയും നിരാശയിലാഴ്ത്തിയിരുന്നു. പർവതനിരകളിലെ മനോഹരമായ കാഴ്ചകള്‍, ഔട്ട് ഡോര്‍ വിനോദ സൗകര്യങ്ങള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലേക്കും സന്ദര്‍ശകര്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാം. നിലവിലെ സുഖകരമായ കാലാവസ്ഥയില്‍ നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി നീക്കിയ ആഹ്ലാദത്തിലാണ് സഞ്ചാരികള്‍. മലമുകളിലേക്ക് സ്വതന്ത്രമായി ഡ്രൈവ് ചെയ്ത് കയറി മലനിരകളുടെയും വന്യത ആസ്വദിച്ച് സമയം ചെലവഴിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ മാത്രമാണ് സിപ് ലൈന്‍, ജയ്സ് സ്കൈ ടൂര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം തുടങ്ങുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പൂന്തോട്ട നഗരിയായ അല്‍ ഐനിലെ ജബല്‍ ഹഫീത്തായിരുന്നു സഞ്ചാരികള്‍ക്കിടയിലെ യു.എ.ഇയിലെ ജബലുകളില്‍ മുഖ്യ ആകര്ഷണമെന്നത് ശ്രദ്ധേയമാണ്. സമുദ്രനിരപ്പില്‍നിന്ന് 1249 മീറ്റര്‍ ഉയരത്തിലാണ് ജബല്‍ ഹഫീത്തെങ്കില് 1934 മീറ്റര്‍ ഉയരെയാണ് റാസല്‍ഖൈമയില്‍ ജബല്‍ ജയ്സിന്റെ സ്ഥാനം. റാക് ബറൈറാത്തില്നിന്ന് 50 കിലോ മീറ്ററോളം യാത്ര ചെയ്ത് വേണം ജബല്‍ ജൈസിലെത്താന്. ഇതില്‍ 21 കിലോമീറ്ററോളം പാറകള്‍ വെട്ടിമാറ്റി നിര്‍മിച്ച പാതയാണ്. നിരവധി ഹെയര്‍ പിന് വളവുകളോടെ മൂന്ന് വരി പാതയുടെ ഇരുവശങ്ങളിലും പർവതനിരയുടെ വന്യമായ മനോഹാരിത ജബല്‍ ജൈസ് യാത്രയിലെ മുഖ്യ ആകര്‍ഷണമാണ്. റാസല്‍ഖൈമയുടെ വിനോദ വ്യവസായത്തിന് പുതുജീവന്‍ നല്കിയ ജബല്‍ ജയ്സ് റോഡ് നിര്‍മാണം തുടങ്ങിയത് 2005ലാണ്. സാഹസിക സഞ്ചാരികള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ജബല്‍ ജയ്സിലേക്ക് 2008ഓടെ സാധാരണക്കാരും എത്തിത്തുടങ്ങി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിപ് ലൈന്‍, യു.എ.ഇയിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ തുടങ്ങിയവ ജബല്‍ ജയ്സിന്റെ ഖ്യാതി ഉയര്‍ത്തിയ സംരംഭങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.