പാസ്പോർട്ട് സേവനത്തിൽ കാലതാമസമെന്ന് പരാതി

ദുബൈ: യു.എ.ഇയിലെ ഇന്ത്യക്കാരുടെ പാസ്പോർട്ട് സേവനത്തിൽ കാലതാമസമെന്ന് പരാതി. നേരത്തേ അഞ്ചു ദിവസത്തിനുള്ളിൽ പാസ്പോർട്ട് സേവനങ്ങൾക്കായി അപ്പോയിൻമെന്‍റ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 15-20 ദിവസം കഴിഞ്ഞാലും കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. തത്കാൽ ബുക്ക് ചെയ്ത് അപ്പോയിൻമെന്‍റെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് പാസ്പോർട്ട് അപേക്ഷകൾ വൈകിപ്പിക്കുന്നതെന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്. എന്നാൽ, തത്കാൽ എടുക്കാൻ 250 ദിർഹം നൽകണം. ഇത് സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന നടപടിയാണെന്ന് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.

പാസ്പോർട്ട് പുതുക്കൽ, കുട്ടികളുടെ പാസ്പോർട്ട് എടുക്കൽ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവക്കാണ് കാലതാമസമുണ്ടാകുന്നത്. ബി.എൽ.എസ് സെന്‍ററുകൾ വഴിയാണ് പാസ്പോർട്ട് സേവനങ്ങൾ നൽകുന്നത്. നേരത്തെ, മുൻകൂർ അപ്പോയിൻമെന്‍റില്ലാതെ നേരിട്ടെത്തിയാൽ പാസ്പോർട്ട് സേവനങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, കോവിഡ് എത്തിയതോടെ മുൻകൂർ ബുക്കിങ് ഏർപ്പെടുത്തി. കോവിഡിന്‍റെ കാഠിന്യം കുറഞ്ഞിട്ടും മുൻകൂർ ബുക്കിങ് സംവിധാനമാണ് നിലനിൽക്കുന്നത്. എന്നാൽ, പത്ത് ശതമാനം പേർക്കുപോലും അപ്പോയിൻമെന്‍റ് ലഭിക്കുന്നില്ല. ദിവസങ്ങൾ കഴിഞ്ഞാണ് പലർക്കും അപ്പോയിൻമെന്‍റ് ലഭിക്കുന്നത്. ഇതോടെ 250 ദിർഹം നൽകി തത്കാൽ ബുക്ക് ചെയ്ത് പാസ്പോർട്ട് പുതുക്കേണ്ട അവസ്ഥയാണ്.

പലരും നാട്ടിൽ പോകുന്ന സമയത്താണ് പാസ്പോർട്ട് നോക്കുന്നത്. കാലാവധി കഴിയുന്നത് ശ്രദ്ധയിൽപെടുന്നതും വൈകിയായിരിക്കും. കൂടുതൽ തുക നൽകി തത്കാൽ ബുക്ക് ചെയ്യേണ്ട അവസ്ഥയിലാണ് ഇവർ. പെരുന്നാൾ അവധി ദിനങ്ങൾകൂടി എത്തുന്നതോടെ പ്രവാസികളുടെ കാത്തിരിപ്പ് നീളും. അടിയന്തരമായി നാട്ടിൽ പോകാനുള്ളവരാണ് കുടുങ്ങുന്നത്. സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഇക്കാര്യം ഇന്ത്യൻ എംബസിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അമിത ലാഭം പ്രതീക്ഷിച്ചാണ് ഈ പകൽക്കൊള്ളയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം ആരോപിച്ചു. പാസ്പോർട്ട് സേവനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാണ് കേന്ദ്രനിർദേശം. എന്നാൽ, ഇതിന് വിരുദ്ധമായ പ്രവർത്തനമാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്.

Tags:    
News Summary - Complaint of delay in passport service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT