ഷാർജ: യു.എ.ഇയിലെ മലയാളി പ്രവാസികൾ നെഞ്ചോട് ചേർത്ത് വൻ വിജയമാക്കിയ ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ ഏഴാം എഡിഷന് വെള്ളിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ തിരശ്ശീല ഉയരും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മഹാമേളയിലേക്ക് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി പതിനായിരങ്ങൾ ഒഴുകിയെത്തും.
സംസ്കാരവും വാണിജ്യവും വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന മേള രാവിലെ പത്തു മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കും. ഏഴ് എമിറേറ്റുകളിൽ നിന്നായി രണ്ടര ലക്ഷത്തോളം പേരാണ് ആറാം എഡിഷനിൽ സന്ദർശകരായി എത്തിയത്. കൂടുതൽ മികവോടെയാണ് ഏഴാം എഡിഷൻ അണിയിച്ചൊരുക്കുന്നത്. ജനസഞ്ചയത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഷാർജ എക്സ്പോ സെന്ററിൽ പൂർത്തിയായി.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ മൂന്നു ദിവസവും നടക്കുന്ന ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്രരചന മത്സരത്തിന് വൻ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന പരിപാടി. കേരളത്തിലേയും യു.എ.ഇയിലേയും ബിസിനസ് പ്രമുഖരും സാംസ്കാരിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. ആദ്യ ദിനത്തിൽ പ്രധാന വേദിയിലെ ചടങ്ങിൽ ജലീൽ ക്യാഷ് ആൻഡ് കാരി ‘ദ പയനിയർസ് അവാർഡ്’, രണ്ടാം ദിനത്തിൽ ഇന്ത്യൻ-അറബ് വനിത പ്രതിഭകൾക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാരം ദാനം, മൂന്നാം ദിനത്തിൽ ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്‘ വിതരണം എന്നിവ നടക്കും. അതിമനോഹര സാംസ്കാരിക പരിപാടികളാണ് മേളയുടെ മൂന്നു സായാഹ്നങ്ങളിലും ഒരുക്കിയിട്ടുള്ളത്.
പാൻ ഇന്ത്യൻ സംഗീതതാരം സൽമാൻ അലിയുടെ ഷോയാണ് ആദ്യദിനം അരങ്ങേറുക. രണ്ടാം ദിനം ‘ഇഷ്ഖ്’ സംഗീത നിശയും അരങ്ങേറും. സിനിമ-സാംസ്കാരിക ജീവിതത്തിലെ അരനൂറ്റാണ്ടിലേറെ നീണ്ട സജീവസാന്നിധ്യത്തിലൂടെ മലയാളിയുടെ അഭിമാനമായ നടൻ മോഹൻലാലിന്റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ചടങ്ങായ ‘ബിയോണ്ട് ബൗണ്ടറീസ്’ സമാപന ദിനത്തിലെ സായാഹ്നത്തിലാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.