‘കമോൺ കേരള’ സർ സയ്യിദ് കോളജ് തളിപ്പറമ്പ് -സ്കോട്ട അലുമ്നി പ്രതിനിധികൾ നടി പ്രിയാമണിയിൽനിന്ന് അലുമ്നി ഇംപാക്ട് അവാർഡ് ഏറ്റുവാങ്ങുന്നു
ഷാർജ: ‘കമോൺ കേരള’ ഏഴാം എഡിഷനോട് അനുബന്ധിച്ച് ഒരുക്കിയ അലുമ്നി ഇംപാക്ട് അവാർഡ് സർ സയ്യിദ് കോളജ് തളിപ്പറമ്പ് -സ്കോട്ട അലുമ്നി കൂട്ടായ്മക്ക്. സാമൂഹിക ഇടപെടലുകളിലൂടെ കേരളത്തിലെ കലാലയങ്ങളെ പ്രവാസ ലോകത്ത് അടയാളപ്പെടുത്തിയ ഏറ്റവും മികച്ച കോളജ് അലുമ്നിയെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിപാടിയിൽ 50ഓളം കൂട്ടായ്മകൾ അപേക്ഷ സമർപ്പിച്ചിരുന്നു.
ഇവരിൽനിന്ന് ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കപ്പെട്ട പത്ത് കോളജ് അലുമ്നികളിൽനിന്നാണ് സമൂഹ മാധ്യമങ്ങളിലെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുത്തത്.
ശനിയാഴ്ച നടി പ്രിയാമണിയാണ് അവാർഡ് ജേതാക്കൾക്ക് പുരസ്കാരം സമ്മാനിച്ചത്. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ഗോ കൈറ്റ് ടൂർസ് ഫൗണ്ടർ സെയ്ദ് അമീൻ പി.ടി തുടങ്ങി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് കുടുംബ സൗഹൃദങ്ങൾ ശക്തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുമ്നികൾ നൽകുന്ന സംഭാവനകളെ ആദരിക്കാനായി വേറിട്ട സംരംഭം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.