ഷാർജ: തീപിടിത്ത സാധ്യത കണക്കിലെടുത്ത് ഷാർജയിൽ ഉയരം കൂടിയ 40 കെട്ടിടങ്ങളിൽനിന്ന് ക്ലാഡിങ്ങുകൾ നീക്കംചെയ്തു. കെട്ടിടങ്ങൾക്ക് ഭംഗി കൂട്ടുന്നതിനായി പുറംചുമരുകളിൽ പതിക്കുന്ന വസ്തുക്കളാണ് ക്ലാഡിങ്ങുകൾ. ഇവ പലപ്പോഴും തീപിടിക്കുന്നതിന് ഇടയാക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കംചെയ്യാൻ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി തീരുമാനിച്ചത്.
എമിറേറ്റിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി 10 കോടി ദിർഹമിന്റെ സുരക്ഷ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടത്തിലാണ് 40 കെട്ടിടങ്ങളിലെ ക്ലാഡിങ്ങുകൾ നീക്കിയത്. 2023ൽ നടത്തിയ പരിശോധനയിൽ ക്ലാഡിങ്ങുകൾ മാറ്റിസ്ഥാപിക്കേണ്ട 203 വാണിജ്യ, താമസ കെട്ടിടങ്ങൾ അധികൃതർ കണ്ടെത്തിയിരുന്നു. ഇതിൽ ഏറ്റവും അപകട സാധ്യതയുള്ള കെട്ടിടങ്ങളിലെ ക്ലാഡിങ്ങുകളാണ് മാറ്റിസ്ഥാപിച്ചത്.40 കെട്ടിടങ്ങളിലേയും നിലവിലുള്ള ക്ലാഡിങ്ങുകൾ മാറ്റി പകരം തീപിടിത്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന വസ്തുക്കൾ സ്ഥാപിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 163ലധികം കെട്ടിടങ്ങൾകൂടി ഉൾപ്പെടുത്തും. കെട്ടിടങ്ങളുടെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത രീതിയിലായിരുന്നു പ്രവൃത്തി. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുമായും ഡിപ്പാർട്മെന്റ് ഓഫ് പ്ലാനിങ് ആൻഡ് സർവേയുമായും സഹകരിച്ച് ഷാർജ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡയറക്ട് ലൈൻ പ്രോഗ്രാമിലൂടെ ടെക്നിക്കൽ ഡയറക്ടർ എൻജിനീയർ ഖലീഫ ബിൻ ഹദ അൽ സുവൈദി പറഞ്ഞു.
2024ൽ 10 താമസ കെട്ടിടങ്ങളിൽനിന്ന് ക്ലാഡിങ്ങുകൾ നീക്കംചെയ്തിരുന്നു. 2025 ഫെബ്രുവരിയിലും 10 കെട്ടിടങ്ങളിൽ പ്രവൃത്തി പൂർത്തീകരിച്ചു. 20ലധികം എൻജിനീയർമാരാണ് പദ്ധതിക്കായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.