അബൂദബി: 1435 പൗരന്മാരുടെ 47.50 കോടി ദിര്‍ഹമിന്റെ ബാധ്യതകള്‍ യു.എ.ഇയിലെ 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് ഡിഫോള്‍ട്ടഡ് ഡെബ്റ്റ്സ് സെറ്റില്‍മെന്റ് ഫണ്ട് തീര്‍പ്പാക്കി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ് യാന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ് യാനാണ് ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾക്ക് മേല്‍നോട്ടം വഹിച്ചത്. പൗരന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും കുടുംബ സ്ഥിരതയെ പിന്തുണക്കുന്നതിനും സാമൂഹിക വികസനത്തിന് സംഭാവന നല്‍കാനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടി. കുറഞ്ഞ വരുമാനക്കാരായവരുടെയും മരിച്ചുപോയവരുടെയും പ്രായം ചെന്നവരുടെയുമൊക്കെ കടബാധ്യതകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കിയത്.
അബൂദബി കൊമേഴ്സ്യല്‍ ബാങ്ക് ഗ്രൂപ്, എമിറേറ്റ്സ് എൻ.ബി.ഡി, ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി ഇസ് ലാമിക് ബാങ്ക്, മഷ്രഖ് ബാങ്ക്, റാക് ബാങ്ക്, ഷാര്‍ജ ഇസ് ലാമിക് ബാങ്ക്, ദുബൈ ഇസ് ലാമിക് ബാങ്ക്, ഇ ആന്‍ഡ്, യുനൈറ്റഡ് അറബ് ബാങ്ക്, അറബ് ബാങ്ക് ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫോറിന് ട്രേഡ്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബൈ, എച്ച്.എസ്.ബി.സി, അജ്മാന് ബാങ്ക്, അംലക് ഫിനാന്‍സ്, എമിറേറ്റ്സ് ഇസ് ലാമിക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, നാഷനല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈന്‍, സിറ്റി ബാങ്ക് എന്നീ ബാങ്കുകളാണ് പദ്ധതിയുടെ ഭാഗമായത്. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ആയിരക്കണക്കിന് തടവുകാരെ വിട്ടയ്ക്കുന്നതിനുള്ള ഉത്തരവുകളും വിവിധ എമിറേറ്റുകളുടെ ഭരണാധികള്‍ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.