ദുബൈ: സ്മാർട്ട് ഇമിഗ്രേഷൻ രംഗത്തെ മികച്ച പ്രവർത്തന രീതികളും അനുഭവങ്ങളും മനസ്സിലാക്കുന്നതിനായി ചൈനയുടെ നാഷനൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ദുബൈ വിമാനത്താവളം സന്ദർശിച്ചു.അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ലിയു സിഖിയാങിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ടെർമിനൽ 3ൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഏറ്റവും പുതിയ യാത്ര സേവന സൗകര്യമായ ‘റെഡ് കാർപറ്റ് ഇമിഗ്രേഷൻ കോറിഡോർ’ പോലുള്ള നൂതന സംവിധാനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സന്ദർശനം ഔപചാരിക സ്വീകരണ ചടങ്ങോടെ ആരംഭിച്ചു.
തുടർന്ന് എയർപോർട്ടിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ ഓപ്പറേഷൻസ് റൂമിലേക്ക് സംഘത്തെ കൊണ്ടുപോയി. ജി.ഡി.ആർ.എഫ്.എ ദുബൈ ഉദ്യോഗസ്ഥർ ഇന്റലിജന്റ് മോണിറ്ററിങ്, ഡാറ്റാ അനലിറ്റിക്സ് സംവിധാനങ്ങൾ, 40ശതമാനം കാത്തിരിപ്പ് സമയം കുറച്ച നൂതന സാങ്കേതികവിദ്യകൾ, അന്വേഷണത്തിലുള്ളവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ നടപടികൾ, മനുഷ്യക്കടത്തിനെതിരായ പ്രത്യേക പരിശീലന പരിപാടികൾ, യാത്രക്കാരുടെ മുൻകൂർ പരിശോധനാ സംവിധാനം എന്നിവ പരിചയപ്പെടുത്തി. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ എന്നിവയുടെ മാനദണ്ഡങ്ങളുമായി പൂർണമായും യോജിക്കുന്നതാണ് സംവിധാനങ്ങൾ.
ടെർമിനൽ 3ലെ ബിസിനസ് ക്ലാസ് ഡിപാർച്ചർ ഹാളിലെ ‘റെഡ് കാർപെറ്റ്’ സന്ദർശനത്തിന്റെ പ്രധാന ആകർഷണമായിരുന്നു. ലോകത്തിലെ ആദ്യത്തെ സ്മാർട്ട് കോറിഡോറായ ഇത് പാസ്പോർട്ടോ മറ്റു യാത്ര രേഖകളോ ഒന്നും കാണിക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരെ അനുവദിക്കുന്നതാണ്. ഒന്നിലധികം യാത്രക്കാരെ ഒരേസമയം പ്രോസസ് ചെയ്യാൻ കഴിവുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.തത്സമയ പ്രദർശനത്തിനിടെ ചൈനീസ് സംഘം ദുബൈ വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ മികവിനെ പ്രശംസിച്ചുസന്ദർശനം ജി.ഡി.ആർ.എഫ്.എ ദുബൈയുടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും, വൈദഗ്ധ്യം പങ്കുവെക്കാനും, ദുബൈയിനെ ഭാവി യാത്രാ അനുഭവങ്ങളുടെ മുൻനിര ആഗോള കേന്ദ്രമായി ഉറപ്പിക്കാനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും നൂതനവും സുരക്ഷിതവുമായ യാത്രാ കവാടങ്ങളിലൊന്നായി ദുബൈക്ക് ആഗോള വിശ്വാസം വർധിപ്പിക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.