ദുബൈ: ദുബൈ പൊലീസിന്റെ 2026ലെ വേനൽക്കാല സ്റ്റുഡന്റ് പ്രോഗ്രാം 31 രാജ്യങ്ങളിൽ നിന്നുള്ള 1,402 വിദ്യാർഥികൾ വിജയകരമായി പൂർത്തിയാക്കി. 2018ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 175 രാജ്യങ്ങളിൽ നിന്നുള്ള 10,792 വിദ്യാർഥികൾ പരിശീലനം നേടി. കുട്ടികളിൽ നേതൃപാടവം, അച്ചടക്കം, സാമൂഹിക ബോധവൽക്കരണം, ഉത്തരവാദിത്തബോധം എന്നിവ വളർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഈ വർഷത്തെ പ്രോഗ്രാമിന്‍റെ ബിരുദദാന ചടങ്ങ് നടന്നു. എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി, ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം, കെ.എച്ച്.ഡി.എ, ആർ.ടി.എ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പുതുതലമുറയുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതിനും ഈ പരിശീലനം സഹായിക്കുമെന്ന് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ദുബൈ പൊലീസിന്റെ ഹെമായ ഇന്റർനാഷനൽ സെന്റർ വഴിയാണ് ഈ വാർഷിക പരിപാടി ഒരുക്കിയത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാക്കൾ നൽകിയ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. 2018 മുതൽ 2026 വരെയുള്ള കാലയളവിൽ ഹെമായ സെന്ററിന്റെ പ്രവർത്തനങ്ങളിലൂടെ ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികൾക്കും ആറുലക്ഷത്തിലധികം രക്ഷിതാക്കൾക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്.
ഇത്തവണ 29 ദിവസത്തെ ക്യാമ്പിൽ 810 ആൺകുട്ടികളും 592 പെൺകുട്ടികളും ഉൾപ്പെടെ 627 യു.എ.ഇ സ്വദേശികളും 775 വിദേശ വിദ്യാർഥികളും പങ്കെടുത്തു. മിലിട്ടറി-സ്പോർട്സ് പരിശീലനം, ഡൈവിങ്, പ്രഥമശുശ്രൂഷ, ട്രാഫിക് ബോധവൽകരണം, സൈക്ലിങ്, കമ്പ്യൂട്ടർ മെയിന്റനൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. വിദ്യാർഥികളുടെ മിലിട്ടറി പരേഡോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.