12,000ൽ നിന്ന് 45.8 ലക്ഷത്തിലേക്ക്...; 144 വർഷത്തിനിടെ ദുബൈ ജനസംഖ്യയിൽ 380 മടങ്ങ്​ വർധന

ദുബൈ: ദുബൈയിലെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം 45.8 ലക്ഷമായി ഉയർന്നതായി ഡിജിറ്റൽ ദുബൈ. 2024 അവസാനത്തോടെ 42.48 ലക്ഷമായിരുന്ന ജനസംഖ്യ, 2025 അവസാനിച്ചപ്പോഴേക്കും 3.32 ലക്ഷത്തോളം വർധിച്ചു. 7.5 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രവാസികൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഇതിനുപുറമേ, ജോലി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, കച്ചവടം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന എത്തുന്നവർ കൂടി ഉൾപ്പെടുമ്പോൾ പകൽ സമയങ്ങളിൽ ദുബൈയിലെ ശരാശരി ജനസംഖ്യ 63.92 ലക്ഷമായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2025 അവസാനത്തോടെയുള്ള ജനസംഖ്യാ കണക്കുകളാണ് ഡിജിറ്റൽ ദുബൈ പുറത്തുവിട്ടത്. ജനസംഖ്യയിൽ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് കഴിഞ്ഞവർഷമാണ്. പരമ്പരാഗതമായി കുറച്ചു വർഷങ്ങൾ കൂടുമ്പോൾ നടത്തുന്ന സെൻസസ് രീതിക്ക് പകരം, കൃത്യമായ തത്സമയ ജനസംഖ്യാ വിവരങ്ങൾ ലഭ്യമാക്കുന്ന ‘ദുബൈ പോപ്പുലേഷൻ നൗ’ എന്ന എ.ഐ അധിഷ്ഠിത സംവിധാനം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

45.8 ലക്ഷം ദുബൈ നിവാസികളിൽ 69 ശതമാനവും പുരുഷന്മാരാണ്. വനിതകൾ 14.42 ലക്ഷം വരും. പകൽ സമയത്ത് ദിവസവും 18.12 ലക്ഷം പേർ ജോലിക്കായുംമറ്റും ഇതര എമിറേറ്റുകളിൽ നിന്ന് ദുബൈയിലെത്തുന്നുണ്ട്. ഈ സമയത്താണ്​ ദുബൈയിലെ ജനങ്ങളുടെ എണ്ണം 63.92 ലക്ഷമാകുന്നത്​. 14 വയസ്സിന് താഴെയുള്ള ആറ് ലക്ഷം കുട്ടികൾ ദുബൈയിലുണ്ട്. 15നും 35നുമിടയിലുള്ളവരുടെ എണ്ണം 20.69 ലക്ഷം വരും. 36നും 59നുമിടയിലുള്ളവർ 17.67 ലക്ഷം. 60 പിന്നിട്ട 1.4 ലക്ഷം പേർ ദുബൈയിലുണ്ടെന്നാണ് കണക്ക്. 1881ലെ കണക്ക് പ്രകാരം ദുബൈയിലുണ്ടായിരുന്നത് വെറും 12,000 പേർ മാത്രമാണ്. 144 വർഷത്തിനിടെ ഇത് 380 മടങ്ങായി ഉയർന്നാണ്​ 45 ലക്ഷം പിന്നിട്ടത്​.

1975ലാണ് ദുബൈയിൽ ആദ്യത്തെ ആധുനിക സെൻസസ് നടന്നത്. 1980ൽ രേഖപ്പെടുത്തിയ 8.2 ശതമാനമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക്. അതിവേഗം വളരുന്ന ലോകത്തിലെ മുൻനിര നഗരങ്ങളിൽ ഒന്നായി ദുബൈ മാറിക്കഴിഞ്ഞുവെന്ന് പുതിയ കണക്കുകൾ അടിവരയിടുന്നു. ദുബൈയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും അന്താരാഷ്ട്ര തലത്തിലുള്ള ആകർഷണീയതയുമാണ് ജനസംഖ്യാ വർദ്ധനവിന് കാരണമെന്ന് ദുബൈ ഡാറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ യൂനസ് അൽ നാസർ പറഞ്ഞു.

Tags:    
News Summary - Dubai's population has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.