റൂത്ത് വൈതേരയുടെ കൈക്കുഞ്ഞുമായി ‘സെന്റർ ഫോർ ഹാർബറിങ്’ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ
ദുബൈ: കൈകളിൽ രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്. വിശന്നുകരയുന്ന കുഞ്ഞിന് ഒരു തുള്ളി മുലപ്പാൽ പോലും നൽകാനാകാതെ നിസ്സഹായയായി നിൽക്കുന്ന മാതാവ്. തലചായ്ക്കാൻ ഇടമില്ല, സഹായിക്കാൻ ആരുമില്ല. സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നുണ്ടെങ്കിലും കൈയിൽ യാത്രാരേഖകളില്ല. മുന്നിലുള്ള വാതിലുകളെല്ലാം അടഞ്ഞുവെന്ന് കരുതി സങ്കടക്കടലിലായ നിമിഷത്തിലാണ് കെനിയക്കാരിയായ റൂത്ത് വൈതേരയുടെ ജീവിതത്തിലേക്ക് ദുബൈ സർക്കാർ കരുതലിന്റെ കരം നീട്ടിയത്. റൂത്ത് വൈതേരക്ക് സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ദുബൈ ജി.ഡി.ആർ.എഫ്.എ വഴിയൊരുക്കുകയായിരുന്നു.
2024ലാണ് മികച്ചൊരു ജോലി സ്വപ്നം കണ്ട് സന്ദർശക വിസയിൽ റൂത്ത് ദുബായിലെത്തിയത്. രേഖകളിലെ പ്രശ്നങ്ങളും പാസ്‌പോർട്ട് സംബന്ധമായ തടസ്സങ്ങളും കാരണം പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല. ദിവസങ്ങൾ കടന്നുപോയതോടെ കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. ഇതിനിടെ, ഗർഭിണിയായ റൂത്ത് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജീവിതം കൂടുതൽ ദുരിതത്തിലായി. താമസിക്കാൻ ഇടമില്ലാതെ കുഞ്ഞിനെയും ചേർത്തുപിടിച്ച് നിസ്സഹായയായി കഴിയേണ്ട അവസ്ഥയായി. തുടർന്നാണ് അവസാന പ്രതീക്ഷയോടെ ജി.ഡി.ആർ.എഫ്.എയുടെ അൽ അവീറിലെ ‘സെന്റർ ഫോർ ഹാർബറിങ്’ കേന്ദ്രത്തെ സമീപിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും കുറ്റപ്പെടുത്തലും നേരിടേണ്ടിവരുമെന്ന ഭയമായിരുന്നു മനസ്സിൽ. എന്നാൽ അവളെ കാത്തിരുന്നത് കരുണയും കരുതലുമായിരുന്നു.. ഇരുവരുടെയും താമസവും ഭക്ഷണവും ഉറപ്പാക്കിയ കേന്ദ്രം, കുഞ്ഞിന് ആവശ്യമായ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. തുടർന്ന് കെനിയൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാരേഖകളും സൗജന്യ വിമാന ടിക്കറ്റും തയാറാക്കി നൽകി ജൂലൈ 31ന് ഇവരെ സുരക്ഷിതമായി നാട്ടിലേക്കയച്ചു. തങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിചരിച്ച ദുബൈ സർക്കാരിന് നന്ദി പറഞ്ഞ റൂത്ത്, ജോലി ഉറപ്പാക്കാതെ യു.എ.ഇയിലേക്ക് വരരുതെന്ന് മറ്റ് ഉദ്യോഗാർത്ഥികളോട് അഭ്യർഥിക്കുകയും ചെയ്തു.
യു.എ.ഇയിലെത്തുന്ന ഓരോ വ്യക്തിയെയും അതിഥികളായാണ് കാണുന്നതെന്നും ഇത്തരം പ്രതിസന്ധികളിൽപ്പെടുന്നവരെ ശിക്ഷിക്കുകയല്ല, മറിച്ച് മാനുഷിക പരിഗണനയോടെ ചേർത്തുപിടിക്കുകയാണ് ലക്ഷ്യമെന്നും ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. യു.എ.ഇ ഭരണകൂടത്തിന്റെ മാനുഷിക മുഖമാണ് ഇവിടെ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാനവിക വിഷയങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ രൂപകൽപന ചെയ്ത സംവിധാനമാണ് അൽ അവീറിലെ കേന്ദ്രമെന്ന് ഫോളോ-അപ്പ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു. ഒരാൾ കേന്ദ്രത്തിലെത്തുന്ന നിമിഷം മുതൽ രാജ്യം വിടുന്നത് വരെ പ്രത്യേക സംഘം കാര്യങ്ങൾ നിരീക്ഷിക്കും. താമസസൗകര്യം, ആരോഗ്യപരിചരണം, നിയമപരമായ കാര്യങ്ങൾ, എംബസികളുമായുള്ള ഏകോപനം, ടിക്കറ്റ് ലഭ്യമാക്കൽ തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിലാണ് ഇവിടെ നൽകുന്നത്. കേവലം നിയമം നടപ്പാക്കുക മാത്രമല്ല, ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് ആശ്വാസമേകാനും ദുബൈ സർക്കാർ സദാ സന്നദ്ധമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.