‘ഷെഫ് മാസ്റ്റ’റിൽ വെജിറ്റബിള്‍ ലീഫ്-സീഫുഡ് ഫ്യൂഷന്‍ സലാഡ് തയാറാക്കുന്ന ഷെഫ് പിള്ള
ഷാര്‍ജ: ആരോഗ്യ സംരക്ഷണത്തില്‍ പ്രവാസികള്‍ക്കൊരു രുചിക്കൂട്ട് സമ്മാനിച്ച് ഷെഫ് പിള്ള. ഷാര്‍ജ എക്സ്പോ സെന്ററിലെ ഗള്‍ഫ് മാധ്യമം കമോണ്‍ കേരള ‘ഷെഫ് മാസ്റ്റര്‍’ പരിപാടിയിലാണ് പാലക്ക് ഇലയും കണവയും പ്രധാന ചേരുവകളായ സലാഡ് ഷെഫ് പിള്ള തയാറാക്കിയത്. ശരീര ശക്തിയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്ന പാലക്കിന്റെ ഇലയും ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ കണവയും മസാലകള്‍ അധികം ചേര്‍ക്കാതെ കഴിക്കുന്നത്, പ്രവാസികളുടെ ജീവിതശൈലിവെച്ച് ഏറെ ഗുണകരമാവുമെന്ന് ഷെഫ് പിള്ള പറയുന്നു.
സലാഡ് രൂപത്തിലാവുമ്പോള്‍, കുറഞ്ഞ അളവില്‍ കഴിക്കുമ്പോഴും ആവശ്യത്തിന് കാല്‍സ്യവും വിറ്റമിന്സും ശരീരത്തിന് ലഭിക്കുന്നു. ഷെഫ് പിള്ളയുടെ ഈ സലാഡിനെ കാണികളും ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വെജിറ്റബിള്‍ ലീഫ്-സീഫുഡ് ഫ്യൂഷന്‍ സലാഡ് എന്ന വിഭാഗത്തിലുള്ള പാചക വിഭവമാണിത്. ഏതുതരം മത്സ്യങ്ങളും ഇലകളും വെജിറ്റബിളുമെല്ലാം ഇത്തരത്തില്‍ കോമ്പിനേഷനായി സലാഡായി കഴിക്കാമെന്നും ഷെഫ് പിള്ള കൂട്ടിച്ചേര്‍ത്തു. പാചകം കാണാനും അറിയാനും എത്തിയവര്‍ക്കെല്ലാം തന്റെ വിഭവം നല്കിയ അദ്ദേഹം, ഗള്‍ഫ് മാധ്യമം എല്ലാ വര്‍ഷവും വ്യത്യസ്തമായി ഒരുക്കുന്ന കമോണ്‍ കേരള മേളയെയും സംഘാടകരെയും അഭിനന്ദിച്ചു. പരിപാടിയുടെ പ്രായോജകരായവര്ക്ക് മെമന്റോകളും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.