വ്യാഴാഴ്ച റാസൽഖൈമയിൽ പെയ്ത മഴയിൽ നിറഞ്ഞ വാദി
ദുബൈ: വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച വൈകുന്നേരത്തോടെതന്നെ റാസൽഖൈമയിലെ ജബൽജൈസ്, ദുബൈ, ഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി അടുത്ത ദിവസം വിവിധ എമിറേറ്റുകളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ എമിറേറ്റുകളിലും ദുബൈയിലുമാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.
അതിനിടെ, മഴസാധ്യത കണക്കിലെടുത്ത് അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ വിദൂരപഠനത്തിന് അധികൃതർ നിർദേശം നൽകി. യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് പ്രയാസകരമാകുന്ന സാഹചര്യം മുന്നിൽകണ്ടാണ് വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തിന് നിർദേശിച്ചിട്ടുള്ളത്. റാസൽഖൈമയിലെ ദുരന്ത നിവാരണ അതോറിറ്റി കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
മഴക്കൊപ്പം ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അസ്ഥിരമായ കാലാവസ്ഥയുടെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ മാനവവിഭവശേഷി മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തുന്നതിനും ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
യാത്രചെയ്യുന്നവർ റോഡിൽ വേഗം കുറക്കാനും പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും തീരപ്രദേശങ്ങളിൽനിന്നും വിട്ടുനിൽക്കാനും ആഭ്യന്തര മന്ത്രാലയവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റോഡിൽ ജാഗ്രത വേണമെന്നും സൂചന ബോർഡുകളിലെ വേഗപരിധി മാറ്റം ശ്രദ്ധിക്കണമെന്നും അബൂദബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. മഴയുടെ സാഹചര്യത്തിൽ രാജ്യത്താകമാനം താപനിലയിൽ വലിയ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.അബൂദബിയിലും ദുബൈയിലും ഉയർന്ന താപനില 27 ഡിഗ്രിയാണ് പ്രവചിക്കപ്പെടുന്നത്. രാത്രിയിൽ 23 ഡിഗ്രി വരെയും കുറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.