ദുബൈ: തൊഴിലന്വേഷകർ ഇടിച്ചെത്തിയതോടെ സ്വകാര്യ സ്ഥാപനത്തിന്റെ ഇന്റർവ്യൂ റദ്ദാക്കി. ഭക്ഷ്യ, പാൽ ഉൽപാദകരായ ഹയ്താന ഫ്രഷിൽ ഒഴിവുകളുണ്ടെന്നറിഞ്ഞാണ് വാക്ക് ഇൻ ഇന്റർവ്യൂവിന് മലയാളികൾ അടക്കമുള്ള ഉദ്യോഗാർഥികൾ എത്തിയത്. ഹോട്ടലിൽ നടന്ന ഇന്റർവ്യൂവിലേക്ക് നൂറുകണക്കിനാളുകളെത്തി.
രണ്ട് ദിവസത്തെ ഇന്റർവ്യൂ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആദ്യദിനം തന്നെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ ഇന്റർവ്യൂ നിർത്തിവെക്കുകയായിരുന്നു. സി.വിയുമായി ഇവിടെ നേരിട്ടെത്തുന്നവരെ ഇൻറർവ്യൂ ചെയ്യുമെന്നും അർഹരായവരെ നിയമിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, ഇ-മെയിൽ വഴി സി.വി അയക്കാനും അതിൽനിന്ന് തിരഞ്ഞെടുക്കുന്നവരെ ഇന്റർവ്യൂവിന് ക്ഷണിക്കുമെന്നുമാണ് പുതിയ അറിയിപ്പ്. ഹോട്ടലിൽ ഉദ്യോഗാർഥികൾ തിങ്ങിക്കൂടി നിൽക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. അൽഐൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം ലിങ്ക്ഡ് ഇൻ അക്കൗണ്ട് വഴിയാണ് ഒഴിവുകൾ അറിയിച്ചത്. 3500 ദിർഹം മുതൽ 20,000 ദിർഹം വരെയായിരുന്നു ശമ്പള വാഗ്ദാനം. എന്നാൽ, എത്ര ഒഴിവുകളുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഉച്ചയോടെ തന്നെ ഇന്റർവ്യൂ അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.