നാലിടത്ത് കൂടി ബസ് ഓൺ ഡിമാൻഡ് സർവിസ്; യാത്രക്കാരുടെ എണ്ണത്തിൽ 136 ശതമാനം വളർച്ച നേടിയതായി ആർ.ടി.എ

ദുബൈ: നഗരത്തിലെ പ്രധാന നാല് സ്ഥലങ്ങളിലേക്ക് കൂടി ബസ് ഓൺ ഡിമാൻഡ് സർവിസ് വിപുലപ്പെടുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ ഖിസൈസ്, ജുമൈറ വില്ലേജ് സർക്കിൾ, അൽ വർഖ, ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്ക് എന്നിവിടങ്ങളിൽ കൂടി ബസ് ഓൺ ഡിമാൻഡ് സർവിസ് ലഭ്യമാകും. ആകെ 49 ബസുകളാണ് ബസ് ഓൺ ഡിമാൻഡിൽ സർവിസ് നടത്തുന്നത്.

അൽ ബർഷ, അൽ നഹ്ദ, ദുബൈ സിലിക്കൺ ഒയാസിസ്, ദുബൈ അക്കാദമിക് സിറ്റി, അൽ റിഗ്ഗ, പോർട്ട് സഈദ്, ബിസിനസ് ബേ, ഡൗൺ ടൗൺ ദുബൈ, ഊദ് മേത്ത, അൽ കറാമ, ബർഷ ഹൈറ്റ്സ്, അൽ മൻകൂൽ, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി) എന്നിവിടങ്ങളിലാണ് നിലവിൽ സർവിസുള്ളത്. പുതുതായി നാലിടങ്ങളിലേക്ക് കൂടി സർവിസ് വ്യാപിപ്പിക്കുന്നതോടെ ദുബൈയിലുടനീളം ബസ് ഓൺ ഡിമാൻഡ് സർവിസ് ലഭിക്കുന്ന സ്ഥലങ്ങളുടെ എണ്ണം 17 ആയി വർധിക്കും.

ദുബൈ ബസ് ഓൺ ഡിമാൻഡ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് സർവിസുകൾ ബുക്ക് ചെയ്യാം. കൂടാതെ, പിക്കപ്പ് ആൻഡ് ഡ്രോപ്പ് പോയിന്‍റുകൾ യഥേഷ്ടം തെരഞ്ഞെടുക്കാനും സാധിക്കും. നിശ്ചിത റൂട്ടുകൾ പരിമിതപ്പെടുത്താതെ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് മിനി ബസുകൾ ഉപയോഗിച്ചാണ് ബസ് ഓൺ ഡിമാൻഡ് സർവിസ് നടത്തുന്നത്. ഇതുവഴി യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കാനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ യാത്ര കൂടുതൽ സുഗമമാക്കാനും കഴിയും. നഗരത്തിൽ സംയോജിതവും സ്മാർട്ടുമായ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ അറിയിച്ചു. നഗരത്തിലെ പ്രധാന താമസ മേഖലകളെ പൊതു ഗതാഗത സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന സുഗമമായ ഗതാഗത ഓപ്ഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് യാത്രയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ആർ.ടി.എയുടെ നയത്തിന്‍റെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Bus-on-Demand Service Expands to Four More Locations; RTA Reports 136% Growth in Passenger Numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.