ജിദ്ദ/പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വനിതാ ഡോക്ടറുടെ നിഖാബ് (മുഖപടം) പൊതുവേദിയിൽ വെച്ച് നീക്കം ചെയ്യാൻ ശ്രമിച്ച നടപടി അത്യന്തം അപലപനീയമാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ റീജിയൻ വനിതാ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്ത്രീയുടെ മൗലികമായ അവകാശങ്ങൾക്കും അന്തസ്സിനും മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്ന് യോഗം വിലയിരുത്തി. പട്നയിൽ ആയുഷ് ഡോക്ടർമാർക്ക് നിയമന ഉത്തരവ് കൈമാറാൻ സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിലാണ് സംഭവം നടന്നത്.
സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ യുവ ഡോക്ടർ നുസ്രത്ത് പർവീന്റെ മുഖത്തുനിന്ന് നിഖാബ് ബലമായി മാറ്റാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ പ്രവൃത്തി ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്. വ്യക്തിപരമായ വിശ്വാസങ്ങളെയും വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും അപമാനിക്കുന്ന ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത് ആശങ്കജനകമാണ്. എൻ.ഡി.എ സർക്കാരിന് ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ മനോഭാവമാണ് ഈ പ്രവൃത്തിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ഈ അതിക്രമത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഔദ്യോഗിക വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ വനിത വിഭാഗം ആവശ്യപ്പെട്ടു. സെക്രട്ടറി സുഹറ ബഷീർ, വൈസ് പ്രസിഡന്റ് സലീഖത്ത് ഷിജു, ജസീന ബഷീർ, മുന അനീസ് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.