'ആരും അറിയാത്ത രഹസ്യമായ നന്മകൾ' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘിടിപ്പിച്ച പൊതുപ്രഭാഷണം പരിപാടിയിൽ അഹ്മദ് സദാദ് മദനി സംസാരിക്കുന്നു.
ജിദ്ദ: 'ആരും അറിയാത്ത രഹസ്യമായ നന്മകൾ' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. അഹ്മദ് സദാദ് മദനി വിഷയത്തിൽ പ്രഭാഷണം നടത്തി.
രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഇരുകൈകളും സർവ്വലോക സ്രഷ്ടാവിലേക്കുയർത്തി രഹസ്യമായി പാപമോചനമർത്ഥിക്കുന്ന അടിമയെ കാരുണ്യത്തിൻ്റെ ദൈവം ഏറെ ഇഷ്ടപെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാനവരാശിക്ക് മോക്ഷത്തിന്റെ മാർഗ്ഗമായി അവതരിച്ച ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ഏറെ കരുണയുള്ളവനാണ്. തെറ്റുകൾ സംഭവിക്കുക എന്നുള്ളത് മനുഷ്യസഹജമാണ്. ആ തെറ്റുകളിൽ പശ്ചാതപിച്ചുകൊണ്ട് തൻറെ ജീവിതത്തെ വിമലീകരിക്കുകയും നന്മയുടെ പാതയിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യനും ദൈവവും തമ്മിലുള്ള രഹസ്യമായ ബന്ധത്തിൻറെ കാതൽ.
പുറംമോടിയിലേക്കല്ല, മറിച്ച് ഹൃദയവിശുദ്ധിയിലേക്കാണ് സ്രഷ്ടാവ് നോക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രഹസ്യമായി നന്മകൾ ചെയ്യുന്നതിലൂടെ കൂടുതൽ സൂക്ഷ്മതയുള്ളവനാകാൻ കഴിയും.
പബ്ലിസിറ്റിക്ക് വേണ്ടിയും സമൂഹത്തിലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയും ദാനധർമ്മങ്ങളിലും സാമൂഹ്യ സേവനങ്ങളിലും ഇടപെടുന്നത് നാശമാണെന്നും രഹസ്യമായുള്ള ഇടപെടലുകൾ മാത്രമാണ് ലോക രക്ഷിതാവിങ്കൽ കുടുതൽ പ്രതിഫലാർഹമായതെന്നും അദ്ദേഹം സദസിനെ ഉണർത്തി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.