14ാമത് ഭരത് മുരളി നാടകോത്സവത്തിൽ യുവകലാസാഹിതി അബൂദബി അവതരിപ്പിച്ച ‘കാപ്പിരിക്കപ്പൽ’
അബൂദബി: അബൂദബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന 14ാമത് ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിച്ച ‘കാപ്പിരിക്കപ്പൽ’ ശ്രദ്ധേയമായി. എം.എസ്. ശിവകുമാറിന്റെ സംവിധാനത്തിൽ യുവകലാസാഹിതി അബൂദബി തോപ്പിൽ ഭാസി നാടകസമിതിയാണ് നാടകോത്സവത്തിലെ ആറാമത്തെ നാടകമായ കാപ്പിരിക്കപ്പൽ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങൾക്ക് വില കൽപ്പിക്കാതെ, സമ്പത്തിന്റെയും സ്വാർഥലാഭത്തിന്റെയും പിറകെ പായുന്ന മനുഷ്യന്റെ ആർത്തിയും അതിന്റെ പരിണതഫലമായി കുടുംബബന്ധങ്ങളിലെ തകർച്ചയും സാമൂഹികചുറ്റുപാടുകളിലെ മൂല്യച്യുതിയും നാടകം വരച്ചുകാട്ടുന്നുണ്ട്. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായ കാപ്പിരി, ചിരുത, പൊന്നൻ ജോസഫ്, മേരി, അന്നം കുട്ടി, നാവികൻ, കൊച്ചു മറിയ, ദാസൻ എന്നിവർക്ക് അബ്ദുറഹ്മാൻ, ശാലി രമണി, സതീഷ് കാവിലകത്ത്, ദേവിക അനിൽ, നിഷ ലത, അനുരാഗ് വി., റോഷ്നി സൂസൻ ഫിലിപ്പോസ്, രാജേഷ് മേനോൻ എന്നിവർ ജീവൻ പകർന്നു. ശ്രീറാം അശോകൻ, ജ്യോതിഷ്, അഭിറാം ഹരീഷ്, നിവേദ് അസി, യഹ്യ സി. കെ. എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ.
റോണഖ് (സംഗീതം), അനൂപ് കെ.വി (പ്രകാശവിതാനം), അരുൺ വിശ്വനാഥ്, സലിം അബ്ദുൽ ഖാദർ (രംഗസജ്ജീകരണം), ദേവിക, ശാലി (വസ്ത്രാലങ്കാരം), ക്ലിന്റ് പവിത്രൻ (ചമയം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ഭരത് മുരളി നാടകോത്സവത്തിലെ എട്ടാമത്തെ ദിവസമായ ഞായറാഴ്ച സുധീർ ബാബുട്ടന്റെ സംവിധാനത്തിൽ ‘തീ മാടൻ’ അൽഐൻ മലയാളി സമാജം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.