ബറഖ ആണവോര്‍ജ നിലയം നാലാം യൂനിറ്റ്
അബൂദബി: ബറഖ ആണവോര്‍ജ നിലയത്തിലെ നാലാമത്തെയും അവസാനത്തെയും യൂനിറ്റ് വിജയകരമായി പ്രവര്‍ത്തനം തുടങ്ങിയതായി എമിറേറ്റ്സ് ആണവോര്‍ജ കോര്പറേഷന് (ഇനെക്) അറിയിച്ചു. അണുവിഭജനത്തിലൂടെ ചൂട് ഉല്പാദിപ്പിച്ച നാലാമത്തെ പ്ലാന്റ് ഇതിലൂടെ നീരാവിയുണ്ടാക്കുകയും ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. വരും ആഴ്ചകളില്‍ നാലാം യൂനിറ്റിനെ ദേശീയ ഊര്‍ജ ശൃംഖലയുമായി ബന്ധിപ്പിക്കും. പരീക്ഷണഘട്ടം പിന്നിടുമ്പോഴേക്ക് പതിയെ ഊര്‍ജ ഉല്പാദനശേഷി പരമാവധിതലത്തില് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നാലാമത്തെ യൂനിറ്റിന്റെ പ്രവര്‍ത്തനംകൂടി തുടങ്ങാനായത് സുപ്രധാന നേട്ടമാണെന്ന് ഇനെക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി യു.എ.ഇ ആളോഹരി ശുദ്ധോര്‍ജ തോത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേതിനെക്കാള്‍ ഉയര്‍ത്തിയെന്നും ഇതിന്റെ 75 ശതമാനവും ബറക്ക നിലയത്തില്നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാമത്തെ യൂനിറ്റുകൂടി പൂര്‍ണതോതില്‍ ഉല്പാദനം തുടങ്ങുന്നതോടെ ബറഖ നിലയം ഉല്പാദിപ്പിക്കുന്ന കാര്‍ബണ്‍മുക്ത ഊര്‍ജം 5600 മെഗാവാട്ടായി ഉയരും. ഇത് യു.എ.ഇയുടെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനമാണ്. 2020 ഫെബ്രുവരിയിലായിരുന്നു നിലയത്തിന്റെ ആദ്യ യൂനിറ്റിന്റെ പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചത്.2021 മാര്‍ച്ചില്‍ രണ്ടാം യൂനിറ്റിനും ലൈസന്‍സ് ലഭിച്ചു. 2021 ഏപ്രില്‍ ഒന്നിനാണ് ഒന്നാം യൂനിറ്റിന്റെ വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നതിലൂടെ പുറന്തള്ളിയിരുന്ന 50 ലക്ഷത്തിലേറെ ടണ്‍ കാര്‍ബണാണ് ഒന്നാം യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷം കൊണ്ട് ബറഖ ആണവോര്‍ജ നിലയം ഇല്ലാതാക്കിയത്. 2025ഓടെ അബൂദബിയുടെ വൈദ്യുതി ആവശ്യത്തിന്റെ 85 ശതമാനവും ബറഖ ആണവോര്‍ജ നിലയും ഉല്പാദിപ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.