ബറക ആണവോർജ നിലയം
അബൂദബി: രാജ്യത്തിന്റെ അഭിമാന ഊർജ പദ്ധതിയായ ബറക ആണവോർജ നിലയത്തിന്റെ അവസാനത്തെയും നാലാമത്തെയും റിയാക്ടറിന്റെ നിർമാണം പൂർത്തിയായി. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ഇനെക്) ചൊവ്വാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാക്ടറിലേക്ക് ഇന്ധന അസംബ്ലികൾ അടക്കമുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചതോടെയാണ് നിലയം പൂർണ സജ്ജമായിരിക്കുന്നത്. അല്‍ ദഫ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആണവോര്‍ജ നിലയത്തിന്റെ നാലാം റിയാക്ടറിന് ന്യൂക്ലിയര്‍ റെഗുലേഷന് ഫെഡറല്‍ അതോറിറ്റി നേരത്തെ പ്രവര്‍ത്തനാനുമതി നൽകിയിരുന്നു. ‘ഇനെകി’ന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘നവാ’ ഊര്‍ജ കമ്പനിക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.
നിർമാണം പൂർത്തിയായതോടെ മേഖലയിലെ ഏറ്റവും വലിയ ശുദ്ധോർജ സംവിധാനമായ ബറക നിലയം സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. വൈകാതെ റിയാക്ടർ പൂർണമായ പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടത്തിൽ റിയാക്ടർ ദേശീയ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുകയും വൈദ്യുതി ഉൽപാദനം ക്രമേണ ഉയർത്തുകയും ചെയ്യും.
സുരക്ഷ, ഗുണനിലവാരം എന്നിവയുടെ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമാവധി വൈദ്യുതി ഉൽപാദനം എത്തുന്നതുവരെ തുടർച്ചയായി നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യും. അടുത്ത വർഷമാണ് പ്ലാന്റ് പൂർണ പ്രവർത്തനം ആരംഭിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രവർത്തനം ആരംഭിച്ചാൽ നാലാമത്തെ റിയാക്ടർ മാത്രം അടുത്ത 60 വർഷത്തേക്ക് രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 25 ശതമാനം ഉൽപാദിപ്പിക്കും. നിലവിൽ ബറകയുടെ മൂന്ന് നിലയങ്ങൾ വാണിജ്യാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽനിന്ന് ഓരോ വർഷവും 30 ടെറാവാട്ട് പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
നാലാം റിയാക്ടറിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ ബറക പ്ലാന്റിന്റെ മൊത്തം ശുദ്ധമായ വൈദ്യുതി ഉൽപാദന ശേഷി 5.6 ജിഗാവാട്ടായി ഉയരും. ഇതിലൂടെ പ്രതിവർഷം 40 ടെറാവാട്ടിൽ കൂടുതൽ ശുദ്ധമായ വൈദ്യുതി വിതരണം ചെയ്യാനും സാധിക്കും.
നിലവിൽ തന്നെ ദശലക്ഷക്കണക്കിന് ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് ബറക പ്ലാന്റ് തടയുന്നുണ്ട്. ആഗോളതലത്തിലെ ഏറ്റവും വലിയ ആണവോർജ സൗകര്യങ്ങളിലൊന്നായാണ് പ്ലാന്റ് അടയാളപ്പെടുത്തപ്പെടുന്നത്. യു.എ.ഇയുടെ പരിസ്ഥിതി സൗഹൃദ ഊർജ പരിവർത്തനത്തിനും 2050ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള ലക്ഷ്യത്തിനും പ്ലാന്റ് നിർണായക ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.