ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്സ്, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള നിരാലംബരായ കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉദ്യമമായ ‘ഹാര്‍ട്ട് 2 ഹാര്‍ട്ട് കെയേഴ്സ് 2025’ന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു.
സഅബീൽ പാർക്കിലെ ഗേറ്റ് 5ൽ നടന്ന പരിപാടിയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ബോർഡ് അംഗം നസീറ ആസാദ്, ദുബൈയിലെ ഫിലിപ്പൈൻ കോൺസുലേറ്റ് ജനറലിലെ വൈസ് കോൺസൽ ജിം ജിമെനോ എന്നിവർ ചേർന്ന് 50 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയാ പിന്തുണ നൽകാനുള്ള ആസ്റ്റർ വോളണ്ടിയേഴ്സിന്റെ ഉദ്യമം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി നാല് വർഷത്തിനുള്ളിൽ മൊത്തം 214 ശസ്ത്രക്രിയകളാണ് പൂർത്തിയാക്കുക.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഡയറക്ടറും, ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് ഹെഡുമായ ടി.ജെ. വിൽസൺ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഇന്ത്യയുടെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടർ ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ എന്നിവർ ചേർന്നാണ് മെഗാ വാക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. ആഗോളതലത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങളിലെ മരണത്തിന്റെ പ്രധാന കാരണമായി കാർഡിയോ വാസ്കുലർ രോഗം തുടരുന്നുവെന്നും പ്രതിവർഷം 1.79കോടിയിലധികം മരണങ്ങൾക്ക് ഇത് കാരണമാകുന്നതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ‘ഹാർട്ട് 2 ഹാർട്ട് കെയേഴ്സ് 2025’ വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ 164 സൗജന്യ ശസ്ത്രക്രിയകൾക്ക് പുറമേ, കുറഞ്ഞത് 50 കുട്ടികൾക്ക് കൂടി ഈ സഹായം നൽകുന്നതിൽ അഭിമാനമുണ്ട്. കുട്ടികളുടെ ജീവൻ രക്ഷിക്കാനും അവർക്ക് അതിജീവനമേകാനും അവസരം നൽകുകയെന്ന ദൗത്യമാണ് ഇതിലൂടെ തുടരുന്നതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.