ആറുപതിറ്റാണ്ടോളം പഴക്കമുണ്ട് ഇന്ത്യൻ ജനതയുടെ ഗൾഫ് പ്രവാസവുമായുള്ള ബന്ധത്തിന്. അതിൽതന്നെ കേരളത്തിൽനിന്നുള്ളവരും മലബാറിൽനിന്നുള്ളവരുമാണ് കൂടുതൽ. എല്ല തെരഞ്ഞെടുപ്പുകളിലും ഒരു വഴിപാട് പോലെ പ്രവാസികൾ അവരുടെ പ്രയാസങ്ങളും ദുരിതങ്ങളും അറിയിക്കുകയും പരിഹാരങ്ങൾ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കുന്നതിെൻറ മുമ്പും പല നിർദേശങ്ങളും ശ്രദ്ധയിൽപെടുത്താറുമുണ്ട്. എന്നാൽ, ഇതുവരെ പല സർക്കാറുകളും പ്രവാസി വിഷയങ്ങളിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കാറുള്ളത്.
രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം എപ്പോഴും ഗൾഫിൽ വരുകയും ഫണ്ടുകൾ വാങ്ങുകയും സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുക പതിവാണ്. ഇവിടങ്ങളിലെത്തുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും പ്രവാസികളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടറിയാറുണ്ട്. പക്ഷേ, ഈ രോദനം ആരും കാണുന്നില്ല, അല്ലെങ്കിൽ കണ്ടതായി നടിക്കുന്നില്ല എന്നതാണ് വസ്തുത. നാട്ടിലെ ഏത് സംരംഭങ്ങളിലും സ്ഥാപനങ്ങളിലും പ്രവാസിയുടെ കണ്ണീരിെൻറയും വിയർപ്പിെൻറയും രുചിയുണ്ടാവും. ഒപ്പം പ്രവാസി രക്തത്തിെൻറ ഗന്ധവും ഉണ്ടാവും എന്നതാണ് പരമസത്യം. ഇന്ത്യൻ പൗരൻ എന്നനിലയിലെ അവകാശമായ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാനുള്ള വോട്ടവകാശം പ്രവാസികൾക്ക് ഇതുവരെ കിട്ടിയിട്ടില്ല. അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പീൻസ് അടക്കം പലരാജ്യങ്ങളും നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും വരെ പ്രവാസി വോട്ടവകാശം നൽകുമ്പോൾ ഒരുറൂമിൽ ഒന്നിച്ചുകഴിയുന്ന ലോകത്തിലെ പേരുകേട്ട മതേതര ജനാധിപത്യ രാജ്യത്തിലെ പൗരന്മാരായ പ്രവാസികൾ ഇരട്ടനീതിയിലും വിവേചനത്തിലും പെട്ടുപോയത് ഖേദകരവും ലജ്ജാകരവുമാണ്. എട്ടുമണിക്കൂർ വിമാനയാത്ര ചെയ്യുന്ന രാജ്യത്തേക്ക് പോവുന്നതിലും ഇരട്ടി ചാർജാണ് മൂന്നര മണിക്കൂർ യാത്രാദൈർഘ്യമുള്ള ഗൾഫ് സെക്ടറിൽ പ്രവാസിയോട് ഈടാക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പീഡനങ്ങളും ഖേദകരമാണ്. പ്രവാസികളുടെ മുഖത്തേക്ക് മാറിമാറി നോക്കി സീൽ പതിക്കുന്ന ലഗേജ് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ പ്രവാസിയെ ഭീകരവാദികളോടെന്ന പോലെയും കള്ളന്മാരോടെന്നപോലെയും പെരുമാറുന്നതായും തോന്നിപ്പോവാറുണ്ട്.
പ്രവാസി ഇന്ത്യക്കാരുടെ സമ്പത്ത് രാജ്യപുരോഗതിക്കും തൊഴിൽ മേഖലക്കും കൂടി ഫലം ചെയ്യുന്നതാക്കി മാറ്റിയാൽ നാടിെൻറ വികസനത്തിന് ഉപകാരപ്പെടും. കേന്ദ്ര-കേരള സർക്കാറുകൾ പ്രവാസികളുടെ കാര്യങ്ങൾക്കായി മന്ത്രാലയവും വകുപ്പും രൂപവത്കരിച്ചിട്ടും പ്രവാസികളുടെ ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനായില്ല. കോവിഡ് കാലത്ത് നോർക്ക പോലും പ്രവാസികളെ സഹായിക്കാനോ ആശ്വസിപ്പിക്കാനോ തയാറായിെല്ലന്നത് ഖേദകരമാണ്. 'പ്രവാസികൾ നാടിെൻറ നട്ടെല്ലാണ്' എന്ന വാക്കിൽ ഒതുക്കാതെ പ്രവാസസമൂഹത്തെ ചേർത്തുനിർത്താൻ എല്ലാവരും തയാറാവണം. അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കണം. അതാണ് പ്രവാസിയോട് ചെയ്യേണ്ട കടമയും പ്രവാസികൾ ആഗ്രഹിക്കുന്നതും.
സാദിഖ് അവീർ കാപ്പാട്
അഞ്ചുവര്‍ഷം കേരളം തൊട്ടറിഞ്ഞ വികസനത്തിെൻറ നല്ലകാലം തുടരാനുള്ള തെരഞ്ഞെടുപ്പാണിത്. ക്ഷേമപെന്‍ഷനുകളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റവുമടക്കമുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ എൽ.ഡി.എഫ് ഭരണം തുടരേണ്ടതുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും മതേതര വിശ്വാസികളുടെയും സുരക്ഷിത കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന കേരളം ഇതുപോലെ നിലനിന്നുകാണണമെങ്കിലും ഇടതുപക്ഷത്തിെൻറ വിജയം അനിവാര്യമാണ്.
പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് എണ്ണമറ്റ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ സര്‍ക്കാറാണ് ഇടതുസര്‍ക്കാര്‍. ഇടതുപക്ഷം അധികാരത്തിലേറുമ്പോള്‍ പ്രവാസി ക്ഷേമപെന്ഷന് കേവലം 1200 രൂപയായിരുന്നു. ഇത് 2000 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രതീക്ഷയായിരുന്നു പ്രവാസികള്‍ക്ക്. എന്നാല്‍, പ്രതീക്ഷകള്‍ക്കപ്പുറത്ത് 3500 രൂപയാക്കി വർധിപ്പിച്ചാണ് ഇടത് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ അത് 5000 രൂപയാക്കി വർധിപ്പിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഏറെ പ്രതീക്ഷ നല്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച 600 വാഗ്ദാനങ്ങളും പ്രാവര്‍ത്തികമാക്കിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രവാസികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി പ്രവാസി കാര്യ വകുപ്പിന് രൂപം നല്കിയ ഇടതു സര്‍ക്കാര്‍ തന്നെയാണ് പ്രവാസിക്ഷേമ പ്രവര്‍ത്തന നയരൂപവത്കരണ പ്രക്രിയയില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഇടപെടാനുള്ള അവസരമുണ്ടാക്കി ലോക കേരള സഭ എന്നൊരു സംവിധാനത്തിന് രൂപം കൊടുത്തത്. സാന്ത്വനം പദ്ധതി വഴി 24.25 കോടി രൂപ 4102 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി 53.53 കോടി രൂപ വായ്പയായി അനുവദിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന് അവധിക്ക് നാട്ടിലെത്തി ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5000 രൂപവീതം ധനസഹായം നല്കി.
വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച പ്രവാസി മലയാളികള്‍ക്ക് 10,000 രൂപവീതവും സര്‍ക്കാര്‍ നൽകി. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയും ഇറങ്ങുന്ന വിമാനത്താവളത്തിലും കോവിഡ് പരിശോധന കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ കേരളത്തിലെ വിമാനത്താവളത്തില്‍ പ്രവാസികളുടെ ആർ.ടി.പി.സി.ആര് ടെസ്റ്റ് സൗജന്യമാക്കി.
പതിവുപോലെ പ്രവാസികളെ അപ്പാടെ അവഗണിച്ചാണ് യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിയത്.കേരളത്തിലെ എല്ലാ ജില്ലയിലുമെത്തി വിവിധ വിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നടത്തിയ ചര്‍ച്ചയുടെയും സര്‍വകലാശാല വിദ്യാർഥികളുമായി നടത്തിയ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് പ്രകടന പത്രിക തയാറാക്കിയത്. പറയുന്നത് ഇടതുപക്ഷമായതുകൊണ്ട് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാകുമെന്ന വിശ്വാസത്തിലാണ് പ്രവാസികള്‍ ഉള്‍പ്പെട്ട പൊതുസമൂഹം.
സഫറുല്ല പാലപ്പെട്ടി ജനറല്‍ സെക്രട്ടറി, ശക്തി തിയറ്റേഴ്സ് അബൂദബി
തെരഞ്ഞെടുപ്പ് അടുത്തു. ഒരു മാസം കഴിഞ്ഞാൽ പുതിയ സർക്കാർ അധികാരത്തിൽ വരും. വിജയിക്കുന്നത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും പുതിയ സർക്കാറിനോട് പ്രവാസികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഉണർത്താനുണ്ട്. പ്രവാസി വിഷയത്തിൽ പൂർണമായും ശ്രദ്ധിക്കാനും പ്രവാസികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനും മുഴുവൻ സമയ പ്രവാസി മന്ത്രിയെ നിയമിക്കണം. നിലവിലുള്ളതുപോലെ ഭാഗികമായി ചുമതല നൽകുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമുണ്ടാവില്ല. ഓരോ രാഷ്ട്രീയ പാർട്ടിയും ഒരു സീറ്റെങ്കിലും പ്രവാസലോകത്തെ പ്രതിനിധികൾക്കായി മാറ്റിവെക്കണമായിരുന്നു. പ്രവാസികളുടെ ദീർഘകാല ആവശ്യമായ പ്രവാസി വോട്ട് യാഥാർഥ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയും സംസ്ഥാനം നിയമനിർമാണം നടത്തുകയും ചെയ്യണം.
ജാബിർ വളാഞ്ചേരി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)
വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുന്നു. പലവിധ മോഹനവാഗ്ദാനങ്ങളുമായി ഇതിനകം എത്രയോ സ്ഥാനാർഥികൾ നിങ്ങളെ സമീപിച്ചിട്ടുണ്ടാവും. 'പാലം കടക്കുവോളം നാരായണ' എന്നതു പോലെയാണ് അവരുടെ വാഗ്ദാനങ്ങൾ. പലപ്പോഴും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെടുന്നത്. ജയിച്ചാൽ പിന്നെ കാണുന്നത് നാട്ടിലെ ഏതെങ്കിലും ഉദ്ഘാടന കർമങ്ങളിൽ മാത്രം. വ്യക്തിപരമായി എം.എൽ.എയെ സമീപിക്കാൻ പൊതുവേ ബുദ്ധിമുട്ടാണ് പലർക്കും. മണ്ഡലത്തിലെ എം.എൽ.എയെ ആർക്കും എപ്പോൾ വേണമെങ്കിലും ഏതുസമയത്തും ഒരു പാർട്ടി നേതാവിെൻറയും അനുവാദം കൂടാതെ ഓരോ പൗരനും കാണാൻ സാധിക്കണം. പുതിയതായി വരുന്ന ഓരോ നിയമസഭ അംഗങ്ങളും ഇതിന് അവസരം ഉണ്ടാക്കണം. ഇതുവഴി പാർട്ടി നേതാക്കൾ പൗരന്മാരിൽനിന്നും എം.എൽ.എ അറിയാതെ പിഴിയുന്ന കൈക്കൂലി ഒരളവുവരെ തടയാൻ കഴിയും.
കെ.ഇ. ഫിറോസ് എടവനക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.