ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കസാഖ്സ്താൻ താരം
ദിമിത്രി പനാറിനെ നേരിടുന്ന ഇന്ത്യയുടെ പി.വി. സിന്ധു
ദുബൈ: ഇന്ത്യയുടെ സമ്പൂർണാധിപത്യത്തോടെ ഏഷ്യൻ മിക്സഡ് ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ദുബൈ എക്സ്പോ സിറ്റിയിൽ തുടക്കം. പി.വി. സിന്ധു നയിച്ച ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ കസാഖ്സ്താനെ അഞ്ച് മത്സരങ്ങളിലും തോൽപിച്ചു. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് ഇന്ത്യൻ ടീം ജയിച്ചുകയറിയത്.
വനിത സിംഗിൾസിൽ കാമില സ്മാഗുലോവയെ തോൽപിച്ച് സിന്ധുവാണ് മുന്നിൽനിന്ന് നയിച്ചത് (21-4, 21-12). പുരുഷ സിംഗിൾസിൽ ദിമിത്രി പനാറിനെ എച്ച്.എസ്. പ്രണോയ് എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് തോൽപിച്ചു (21-9, 21-11). മിക്സഡ് ഡബിൾസിൽ ഇഷാൻ ഭട്നാഗർ-തനിഷ ക്രാസ്റ്റോ സഖ്യം മക്സുത് തദിബുലേവ് സഖ്യത്തെ തോൽപിച്ചു (21-5, 21-11). പുരുഷ ഡബിൾസിൽ കൃഷ്ണപ്രസാദ് ഗരാഗ-വിഷ്ണുവർധൻ ഗൗദ് സഖ്യം കുൾമറ്റോവ്-ആർദർ ടീമിനെ മറികടന്നു (21-10, 21-6). വനിത ഡബിൾസിൽ നർഗിസ-ആയിഷ സഖ്യത്തെ പരാജയപ്പെടുത്തി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഇന്ത്യൻ വിജയ പരമ്പര പൂർത്തിയാക്കി (21-5, 21-7).
അതേസമയം, ആതിഥേയരായ യു.എ.ഇക്കെതിരെ മലേഷ്യ അഞ്ച് മത്സരങ്ങളിലും വിജയിച്ചു. മലയാളി താരങ്ങൾ നിറഞ്ഞ യു.എ.ഇ ടീം പൊരുതിനോക്കിയെങ്കിലും വിജയം മലേഷ്യക്കൊപ്പമായിരുന്നു. മറ്റ് മത്സരങ്ങളിൽ സിംഗപ്പൂരിനെതിരെ കൊറിയയും ഉസ്ബകിസ്താനെതിരെ ചൈനയും ലബനാനെതിരെ ഇന്തോനേഷ്യയും സിറിയക്കെതിരെ തായ്ലൻഡും ജയം കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.